ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകൻ;അടൂര്‍ ഗോപാലകൃഷ്ണന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മന്ത്രി സജി ചെറിയാന്‍

ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകൻ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മദിനമാണിന്ന്. നാടകത്തിനോട് ഏറെ കമ്പമായിരുന്ന അദ്ദേഹം പിന്നീട് ഉപരിപഠനത്തിനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുകയും അവിടെനിന്നും സിനിമാ ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.

നാടകത്തെ ഭ്രാന്തമായി സ്നേഹിക്കുകയും ഒടുവില്‍ ചലച്ചിത്ര കലയില്‍ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരള സമൂഹത്തിന്റെ പരിണാമഘട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. മാത്രമല്ല മലയാള സിനിമയുടെ ചരിത്രഘട്ടങ്ങള്‍ക്ക് സാക്ഷിയായ അദ്ദേഹം സിനിമയിലൂടെ തുറന്നു കാണിച്ചത് പച്ചയായ ജീവിതമായിരുന്നു. സിനിമ എടുക്കാന്‍ പഠിക്കണം എന്നതിനോടൊപ്പം സിനിമ കാണാനും പഠിക്കണം എന്നു മലയാളിയെ ബോധ്യപ്പെടുത്തിയ ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ.

സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കുത്ത്, നാല് പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ ചിത്രങ്ങൾ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.ഏഴു തവണ ദേശീയ, സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ ലഭിച്ച അദ്ദേഹത്തിന് അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാര്‍ഡ് അഞ്ചു തവണ തുടര്‍ച്ചയായി ലഭിച്ചു. എലിപ്പത്തായത്തിന് 1982 ല്‍ ലണ്ടന്‍ ചലച്ചിത്രോത്സവത്തില്‍ സതര്‍ലാന്റ് ട്രോഫി ലഭിച്ചു.

1984-ൽ പത്മശ്രീയും 2006 – ൽ പത്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും 2004-ൽ അദ്ദേഹത്തെ തേടിയെത്തി. പതിനൊന്ന് ഫീച്ചർ സിനിമകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും അദ്ദേഹത്തിന്റേതായി വന്നു. സിനിമാ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു എഴുത്തുകാരൻ കൂടിയാണ്.സിനിമയുടെ ലോകം, സിനിമാ അനുഭവം, സിനിമ, സാഹിത്യം, ജീവിതം എന്നിങ്ങനെ അദ്ദേഹം രചിച്ച പുസ്തകങ്ങൾ എല്ലാം തന്നെ സിനിമയുടെ പാഠപുസ്തകങ്ങൾ കൂടിയാണ്.

1941 ജൂലൈ 3 നു അടൂരിനടുത്തുള്ള പള്ളിക്കൽ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ഇന്ന് എൻപതാം പിറന്നാളിന്റെ നിറവിലാണ് .അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിൽ എത്തി ആശംസകൾ അറിയിച്ചു.ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here