വിസ്മയ കേസില്‍ കിരണിന്റെ ജാമ്യാപേക്ഷയ്ക്ക് വേണ്ടി അഡ്വ ആളൂര്‍ കോടതിയില്‍

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷയ്ക്ക് വേണ്ടി ഹാജരായി അഡ്വ. ബി എ ആളൂര്‍. കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റി. കിരണ്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയ്ക്ക് ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ആളൂര്‍ വാദിച്ചു.

പൊലീസ് മനപ്പൂര്‍വം കള്ളക്കേസില്‍ കുടക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യാ കേസുകളുണ്ടായെങ്കിലും ഇത്രയും ശുഷ്‌കാന്തി അതിലൊന്നും കാണിച്ചിട്ടില്ല. ഈ കേസില്‍ പൊലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധന പീഡനം ചുമത്താവുന്ന കുറ്റമാണിതെന്നും ആളൂര്‍ വാദിച്ചു.

എന്നാല്‍ ആളൂരിന്റെ വാദം അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യനായര്‍ എതിര്‍ത്തു. നിലവില്‍ ചുമത്തിയിരിക്കുന്ന 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണത്തിനുള്ള കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്രണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും ഇവര്‍ വാദിച്ചു.

കിരണിനെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും കൊവിഡ് ബാധിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് മാറിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കണം. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസ് പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റിയതായി മജിസ്ട്രേറ്റ് എ ഹാഷിം ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here