നിര്‍ത്തി വച്ച റം ഉത്പാദനം തിങ്കളാഴ്ച പുന:രാരംഭിക്കും : സ്പിരിറ്റ് വെള്ളം ചേര്‍ത്ത ജവാനല്ല നല്ല ജവാന്‍‍ റം ലഭ്യമാക്കുമെന്ന് ബെവ്‌കോ

സ്പിരിറ്റ് കടത്തി പകരം വെള്ളം നിറച്ച്‌ ഉത്പാദന ശാലയിൽ എത്തിച്ചത് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ജവാൻ റം ഉൽപ്പാദനം തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കുമെന്ന് ബീവറേജസ് കോർപ്പറേഷൻ.തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ തിങ്കളാഴ്ച തന്നെ പുതിയ ജനറൽ മാനേജറെ നിയമിച്ചേയ്ക്കും. നല്ല മദ്യത്തിന്റെ ലഭ്യതയിൽ തിങ്കളാഴ്ച മുതൽ യാതൊരു കുറവുമുണ്ടാകില്ലെന്നും ബെവ്‌കോ ഉറപ്പുനൽകി.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്പിരിറ്റ് തട്ടിപ്പിൽ പ്രതികളായതിനെ തുടർന്നാണ് ജവാൻ റം ഉൽപ്പാദനം നിർത്തിവെച്ചിരുന്നത്. സംസ്ഥാന സർക്കാറിന് കീഴിൽ പുറത്തിറക്കുന്ന ജവാൻ റം ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്.

തട്ടിപ്പ് സംഭവിച്ച വിശദ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം വിശദമായ റിപ്പോർട്ട് ഉടൻ കൈമാറും.ട്രാവൻകൂർ ഷുഗേഴ്‌സിലെ ജനറൽ മാനേജർ അലക്‌സ് പി ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് ഇവിടെ ക്രമക്കേട് നടത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തിയത്.

അലക്‌സിനെ കൂടാതെ മാനേജർ യു ഹാഷിം,ഡെപ്യൂട്ടി ജനറൽ മാനേജർ ഗിരീഷ്, മേഖാ മുരളി എന്നിവരടക്കം ഏഴുപേരെയാണ് പ്രതി ചേർക്കപ്പട്ടിരിക്കുന്നത്. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ബിവറേജസ് കോർപ്പറേഷനു വേണ്ടി ജവാൻ റം നിർമിക്കുന്നത്. ഇതിനായി മധ്യപ്രദേശിൽനിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കാനുള്ള കരാർ എറണാകുളത്തെ സ്വകാര്യ കന്പനിക്ക് നൽകിയിരുന്നു. ടാങ്കറുകളിൽ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്ന രഹസ്യവിവരം എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നേരത്തെ ലഭിച്ചു.

ഇതേത്തുടർന്ന് വാളയാർ അതിർത്തി കടന്നപ്പോൾ മുതൽ വാഹനങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലർച്ചെയോടെ പുളിക്കീഴിലെ ഫാക്ടറിയിൽ എത്തിയപ്പോഴാണ് ടാങ്കർ ലോറി ഡ്രൈവർമാരെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയിൽ 20,000 ലിറ്റർ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി.

തുടർന്ന് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വേ ബ്രിഡ്ജിൽ ടാങ്കർലോറികളുടെ ഭാര പരിശോധനയും നടത്തി. ലീഗൽ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. കേരളത്തിൽ വാഹനങ്ങൾ എത്തും മുന്പേ സ്പിരിറ്റ് ചോർത്തി വിറ്റെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം. മുൻപ് ഇതിനു പകരം വെള്ളം ചേർത്തെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

പിടികൂടിയ ഇവിടുത്തെ ജീവനക്കാരനായ അരുൺ കുമാറാണ് ക്രമക്കേടിൽ ഉന്നതർക്കുളള പങ്ക് അന്വേഷണ സംഘത്തിന് നൽകിയത്. ഇതേത്തുടർന്നാണ് ജനറൽ മാനേജർ അടക്കം 7 പേരെ പ്രതി ചേർത്തിട്ടുണ്ട്.

മദ്യനിർമാണത്തിനായി സർക്കാരിന്റെ ഡിസ്റ്റിലറിയിലേക്കു കൊണ്ടു വന്ന സ്പിരിറ്റിന്റെ അളവിൽ തിരിമറി നടക്കുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News