പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്ന് ട്വിറ്റർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും ട്വിറ്റർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഇടക്കാല റെസിഡൻറ് ഗ്രീവൻസ് ഓഫീസർ ജൂൺ 21ന് സ്ഥാനമൊഴിഞ്ഞതായും കമ്പനി കോടതിയെ അറിയിച്ചു. ട്വിറ്റർ ഇന്ത്യയിലെ ഇടക്കാല റെസിഡൻഷ്യൽ ഗ്രീവൻസ് ഓഫീസറായി നിയമിച്ച ധർമേന്ദ്ര ചാതൂറാണ് കഴിഞ്ഞ മാസം രാജിവെച്ചത്.
മെയ് 25 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ഐ.ടി നിയമം, ഉപയോക്താക്കളിൽ നിന്നോ മറ്റോ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് നിഷ്കർഷിക്കുന്നുണ്ട്.
50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിനു വേണ്ടി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
ട്വിറ്ററിൻറെ ഗ്ലോബൽ പോളിസി ഡയറക്ടർ ജെറെമി കെസ്സൽ ആണ് പുതിയ പരാതി പരിഹാര ഉദ്യോസ്ഥനാകുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനാണ് തൽസ്ഥാനത്ത് നിയമിതനാകേണ്ടതെന്നാണ് ഐടി ചട്ടം. ഇത് മറികടന്നുള്ള ട്വിറ്ററിൻറെ നിയമനത്തിന് സർക്കാർ അനുമതി നൽകിയേക്കില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.