പണിമുടക്ക് നിരോധിക്കുന്ന കേന്ദ്ര ഓർഡിനൻസ് പിൻവലിക്കുക: എളമരം കരീം

പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ പണിമുടക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഓർഡിനൻസ് എത്രയും വേഗം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകി.

പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അവശ്യ സേവന സ്ഥാപനങ്ങളിലെ തൊഴിലാളികൾ നടത്തുന്ന പണിമുടക്കുകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ഓർഡിനൻസ് വാറണ്ട് പോലും കൂടാതെ തൊഴിലാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരവും നൽകുന്നു. പണിമുടക്കിൽ പങ്കാളികളാവുന്ന തൊഴിലാളികളെ രണ്ടുവർഷം വരെ ജയിലിൽ അടയ്ക്കാനും 15,000 രൂപ വരെ പിഴ ഈടാക്കാനും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ നിയമനിർമാണമാണ് ഇത്. പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളെപ്പോലും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ അതിശക്തിയായ തൊഴിലാളി പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിയമം കൊണ്ടുവന്നിരിക്കുന്നത്.

രാജ്യത്തെ ഓർഡനൻസ് ഫാക്ടറികൾ ഒരു കോർപറേഷനാക്കി മാറ്റി സ്വകാര്യവൽകരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ എതിർത്തുകൊണ്ട് ജൂലൈ 26 മുതൽ എല്ലാ ട്രേഡ് യൂണിയനുകളും ചേർന്ന് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ വർഷം തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങിയപ്പോൾ സ്വകാര്യവൽകരണ നടപടികൾ നിർത്തിവെക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകി.

ട്രേഡ് യൂണിയനുകൾക്ക് നൽകിയ പ്രസ്തുത ഉറപ്പ് കാറ്റിൽ പറത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. പണിമുടക്കാൻ ഉദ്ദേശിക്കുന്ന തൊഴിലാളികളെ പേടിപ്പിച്ച് പിന്തിരിപ്പിക്കാനാണ് പുതിയ ഓർഡിനൻസിലൂടെസർക്കാർ ശ്രമം.

തങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്യാൻ നിയമപരമായ അവകാശം ഓരോ തൊഴിലാളിക്കും ഉണ്ടെന്നിരിക്കെ ഇത്തരം നിയമനിർമ്മാണങ്ങളിലൂടെ ആ അവകാശങ്ങൾ ഇല്ലാത്തക്കുകയാണ് കേന്ദ്ര സർക്കാർ. ഈ നീക്കം തികച്ചും ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ അവകാശങ്ങളുടെ ലംഘനവുമാണ്. അതിനാൽ എത്രയും പെട്ടെന്ന് ഈ ഓർഡിനൻസ് പിൻവലിക്കണമെന്നും ഓർഡനൻസ് ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാരണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News