കൊച്ചി-ബം​ഗളൂരു വ്യവസായ ഇടനാഴി;  ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്ന് മന്ത്രി പി രാജീവ്

കൊച്ചി-ബം​ഗളൂരു വ്യവസായ ഇടനാഴിയുടെ ഭാ​ഗമായി അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്നു വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് . 2021 ഡിസംബർ മാസത്തോട് കൂടെ തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും.

ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. പൊതുജനങ്ങളെ വിശ്വാസത്തിലെടുത്താകും പദ്ധതികൾ മുന്നോട് കൊണ്ട് പോകുക. പദ്ധതി അങ്കമാലിയുടെ വികസനത്തിന് വഴി തുറക്കുകയും ജീവിത നിലവാരം ഉയർത്തുന്നതിന് സഹായകമാകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പരമാവധി വീടുകളെ കുടിയൊഴിപ്പിക്കാതെ പദ്ധതി നടപ്പിലാക്കാൻ പുതിയ സാദ്ധ്യതകൾ അടിയന്തിരമായി പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ജൂലൈ 5 തിങ്കളാഴ്ച ഓൺലൈനായി ചേരും.

പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ജൂലൈ 8 ,9 ,10 തീയതികളിൽ പബ്ലിക് ഹിയറിങ് നടത്തും . പബ്ലിക് ഹിയറിങ്ങിൽ ബെന്നി ബഹന്നാൻ എം പി , റോജി എം ജോൺ എം എൽ എ , ജില്ലാ കളക്ടർ എസ് സുഹാസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഗിഫ്റ്റ് സിറ്റി പദ്ധതിയിൽ ഐ ടി – സാമ്പത്തിക – സേവന വ്യവസായങ്ങളാണ് ഉണ്ടാകുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് . 2022 ൽ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു 2025 ഓട് കൂടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു.

യോഗത്തിൽ ബെന്നി ബഹന്നാൻ എം പി , റോജി എം ജോൺ എം എൽ എ , ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ കളക്ടർ എസ് സുഹാസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ് , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News