‘സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ’ പങ്കാളികളായി 83,000 പേര്‍

സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ അവബോധ പരിശീലന പരിപാടിയായ ‘സ്ത്രീ സുരക്ഷ നമ്മുടെ സുരക്ഷ’ യിൽ 83,000ത്തോളം പേർ പങ്കെടുത്തു. 66,000 വരുന്ന മുഴുവൻ അങ്കണവാടി ജീവനക്കാർക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ, സ്ത്രീകളുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു. ഒരു സ്ത്രീ വനിത ശിശുവികസന വകുപ്പിന്റെ ഏതെങ്കിലുമൊരു ഘടകത്തെ സമീപിച്ചാൽ അവർക്ക് നൽകേണ്ട സേവനത്തെ സംബന്ധിച്ചായിരുന്നു പരിശീലനം.

അത്തരക്കാരെ സ്ത്രീകളുമായി ബന്ധപ്പെട്ട ഏത് സംവിധാനത്തിലേക്ക് റഫർ ചെയ്യണം, ഏത് തരത്തിലുള്ള സേവനം ലഭ്യമാക്കണം എന്നിവയിലും ക്ലാസെടുത്തു. ഗാർഹിക പീഡനം, സ്ത്രീധനം എന്നിവ സംബന്ധിച്ചായിരുന്നു പ്രധാന വിഷയം. വനിതശിശു വികസന വകുപ്പ്, പൊലീസ്, കുടുംബശ്രീ എന്നിവയിലുള്ള സ്ത്രീ സംരക്ഷണ സംവിധാനങ്ങളെപ്പറ്റിയുള്ള പരിശീലവും നൽകി.

അങ്കണവാടി ജീവനക്കാർക്ക് ഇതുസംബന്ധിച്ച് കൂടുതൽ പരിശീലനം നൽകുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിഷയാധിഷ്ഠിത പരിശീലങ്ങൾ ഓരോ തലത്തിലുമുള്ള ജീവനക്കാർക്ക് കൊടുത്ത് ജെൻഡർ അവബോധം വകുപ്പിൽ തന്നെ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. 1,300 ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് വേണ്ടി പഞ്ചായത്ത് തലത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലുള്ള സമ്പൂർണ പരിശീലനം അടുത്തയാഴ്ച മുതൽ ആരംഭിക്കുന്നതാണ്. ജെൻഡർ എന്ന വിഷയം, സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ, സ്ത്രീകൾക്ക് വേണ്ടിയിട്ടുള്ള സ്‌കീമുകൾ എന്നിവയിലാണ് പരിശീലനം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel