ADVERTISEMENT
കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മ കൊവിഡ് പോസിറ്റീവായതിനാൽ കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസ് ശ്രമം നിയമക്കുരുക്കില്‍.
ജുഡീഷ്വൽ കസ്റ്റഡിയിൽ റിമാന്റിൽ കഴിയുന്ന പ്രതിക്കായി 14 ദിവസത്തിനുള്ളിൽ പോലീസ് കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് കാരണം. അന്വേഷണസംഘം ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചേക്കും.
സി.ആര്‍.പി.സി നിയമപ്രകാരം അറസ്റ്റ് ചെയ്യുന്ന പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് 14 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. അല്ലാത്ത പക്ഷം പ്രതിയെ പൊലീസിന് കസ്റ്റഡിയില്‍ ലഭിക്കില്ല. കല്ലുവാതുക്കല്‍ കേസില്‍ പ്രതി രേഷ്മയെ കഴിഞ്ഞ 22നാണ് അറസ്റ്റ് ചെയ്തത്.
അന്ന് നടത്തിയ പരിശോധനയില്‍ രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം രോഗം സ്ഥിരികരിച്ചവരുമായി 17 ദിവസത്തേക്ക് സമ്പര്‍ക്കം പാടില്ല. അതുകൊണ്ട് തന്നെ 17 ദിവസത്തിന് ശേഷമേ ഈ കേസില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. നിയമപ്രകാരം ഈ അപേക്ഷ കോടതിയ്ക്ക് പരിഗണിക്കാനുമാകില്ല.
ഇതോടെയാണ് രേഷ്മയെ ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ ശ്രമം നിയമക്കുരുക്കിലായത്. സമാനമായ പ്രതിസന്ധി ആലപ്പുഴയിലെ ഒരു കൊലപാതകകേസിലും പൊലീസ് നേരിടുന്നുണ്ട്. ആ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ആലപ്പുഴ പോലീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
ഹൈക്കോടതിയില്‍ നിന്ന് അനുകൂലനിലപാടുണ്ടായാല്‍ കല്ലുവാതുക്കല്‍ കേസിലും കോടതിയെ സമീപിക്കാനാണ് പോലീസ് തീരുമാനം. ഇൻഹറന്റ് പവർ ഉപയോഗിച്ച് ഹൈക്കാടതിക്കൊ സുപ്രീംകോടതിക്കൊ ഇളവ് നൽകാം. വിധി പ്രതികൂലമായാല്‍ പ്രതിസന്ധി രൂക്ഷമാകും. അങ്ങനെ വന്നാല്‍ പ്രതിയെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാനുള്ള സാധ്യത പരിശോധിക്കും.
കല്ലുവാതുക്കല്‍ കേസില്‍ തൊണ്ടിമുതലുകള്‍ കണ്ടെത്തേണ്ട സാഹചര്യമില്ല. അതുകൊണ്ട് തന്നെ രേഷ്മയെ ജയിലില്‍ ചോദ്യം ചെയ്താല്‍ മതിയാകുമെന്നാണ് പോലീസ് നിഗമനം. അത്മഹത്യ ചെയ്ത ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് രേഷ്മയെ കബളിപ്പിക്കുകയായിരുന്നുവെന്ന മറ്റൊരു മൊഴികൂടി പൊലീസിന് ലഭിച്ചിട്ടുണ്ട്. രേഷ്മയെ താനും ഗ്രീഷ്മയും ചേര്‍ന്ന് കബളിപ്പിക്കുകയായിരുന്നുവെന്ന് അടുത്തബന്ധുവിനോട് ആര്യ വെളിപ്പെടുത്തിയിരുന്നു എന്നാണ് മൊഴി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.