അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ് ‘നിയമം’; സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ തുറന്നടിച്ച് നടന്‍ സൂര്യ

സിനിമ രംഗത്ത് കൂടുതല്‍ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് സര്‍ക്കാര്‍ തയ്യാറാക്കി. സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ല്. കരടിന്‍മേല്‍ സര്‍ക്കാര്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്.ഈകേന്ദ്ര സര്‍ക്കാറിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം സൂര്യ. ‘നിയമമെന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ്. അത് ശബ്ദത്തെ ഞെരിച്ചമര്‍ത്താനുള്ളതല്ല,’ സൂര്യ ട്വിറ്ററില്‍ കുറിച്ചു. നിയമഭേഗതിക്കെതിരെ അഭിപ്രായം രേഖപ്പെടുത്താനും സൂര്യ ആളുകളോട് ആവശ്യപ്പെട്ടു. ട്വീറ്റിനൊപ്പം ഭേദഗതിയുടെ കരടിന്റെ പകര്‍പ്പും താരം പങ്കുവച്ചിട്ടുണ്ട്. ഇന്നാണ് വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള അവസാന ദിവസമെന്നും അതില്‍ പോയി വിയോജിപ്പ് രേഖപ്പെടുത്തൂവെന്നും ട്വീറ്റില്‍ പറയുന്നു.

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ നിലവിലെ സിനിമ നിയമങ്ങള്‍ അടിമുടി മാറ്റി മറിച്ചുകൊണ്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ല്. സെന്‍സറിങ് കഴിഞ്ഞ സിനിമ വീണ്ടും പരിശോധിക്കാന്‍ പുതിയ കരട് ബില്ല് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. നിലവില്‍ രാജ്യത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുമതിയില്ല. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി പ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും.

സിനിമകള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാനുള്ള നീക്കം 2000ല്‍ കര്‍ണാടക ഹൈക്കോടതി തടഞ്ഞിരുന്നു. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. ഇതാണ് വീണ്ടും കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതേസമയം സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News