ADVERTISEMENT
കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം.അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം.കെ കരുണാകരൻ ട്രസ്റ്റിൻ്റെ പേരിൽ 32 കോടി രൂപയും ഡിസിസി ഓഫീസ് നിർമ്മാണത്തിൻ്റെ പേരിൽ കോടികളും അനധികൃതമായി സമ്പാദിച്ചുവെന്നാണ് പരാതി.
പ്രശാന്ത് ബാബു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.അന്വേഷണം ആരംഭിക്കുന്നതിനായി പരാതി വിജിലൻസ് കോഴിക്കോട് എസ്പിക്ക് കൈമാറി.
കഴിഞ്ഞ മാസം ഏഴാം തീയ്യതിയാണ് പ്രശാന്ത് ബാബുവിൻ്റെ പരാതി വിജിലൻസ് കൈപ്പറ്റിയിത്. ജനപ്രതിനിധി എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് കെ സുധാകരൻ കോടികൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.കെ കരുണാകരന് സ്മാരകം പണിയാനെന്ന പേരിൽ വിദേശത്ത് നിന്നുൾപ്പെടെ പണപ്പിരിവ് നടത്തി 32 കോടിരൂപ കൈക്കലാക്കിയെന്നാണ് പ്രധാന ആരോപണം.
കെ കരുണാകരൻ ട്രസ്റ്റിൻ്റെ പേരിൽ കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്കൂളും അഞ്ചേക്കർ സ്ഥലവും വാങ്ങി സ്മാരകമാക്കി മറ്റാനായിരുന്നു പദ്ധതി.എന്നാൽ സ്മാരകം നിർമ്മിക്കാതെ ഇതിനായി പിരിച്ച 32 കോടി രൂപ സുധാകരൻ സ്വന്തം പേരിലാക്കിയെന്ന് പരാതിയിൽ ആരോപിക്കുന്നു.
പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും വിജിലൻസിന് കൈമാറുമെന്നും പ്രശാന്ത് ബാബു പറഞ്ഞു. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് സുധാകരൻ കണ്ണൂർ നാടാലിൽ ആറ് കോടി ചിലവിൽ ആഡംബര വീട് പണി കഴിപ്പിച്ചതെന്നും പരാതിയിൽ പറയുനുണ്ട്.
സുധാകരന് കോടികളുടെ ബിനാമി ബിസിനസ്സ് ഉണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.പ്രാഥമിക അന്വേഷണത്തിൽ ഭാഗമായി വിജിലൻസ് പരാതിക്കാരനിൽ നിന്നും വൈകാതെ മൊഴിയെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.