സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്.

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും മുന്‍പുതന്നെ 2021 ലെ കരട് സിനിമാറ്റോഗ്രാഫ് (ഭേദഗതി) ബില്ലിനെതിരായ വിയോജിപ്പ് അറിയിച്ച് രംഗത്തു വന്നിരുന്നു.

മലയാളത്തില്‍ നിന്നും വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് സംഘടന, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, സിബി മലയില്‍, ടികെ രാജീവ് കുമാര്‍, ജയരാജ്, വേണു, ഡോ. ബിജു , റസൂല്‍ പൂക്കുട്ടി, ഷാജി ഹംസ, മധു അമ്പാട്ട്, അജിത് കുമാര്‍, ദിലീഷ് പോത്തന്‍, രാജീവ് രവി, അമല്‍നീരദ്, മധു നീലകണ്ഠന്‍, ഗീതു മോഹന്‍ദാസ്, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, സി എസ് വെങ്കടേശ്വരന്‍, രതീഷ് രാധാകൃഷ്ണന്‍, മുഹ്‌സിന്‍ പരാരി, സക്കറിയ, സഞ്ജു സുരേ്ദ്രന്‍, സ്രിന്റ, കനി കുസൃതി, പ്രിയനന്ദന്‍ തുടങ്ങി അന്‍പതിലേറെ സിനിമാപ്രവര്‍ത്തകരാണ് ബില്ലിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത്.

ഹിന്ദി, തമിഴ്, മലയാളം, മറാത്തി, ബംഗാളി, കന്നട, തെലുങ്ക്, ആസാമീസ് തുടങ്ങി വിവിധ ചലച്ചിത്രമേഖലകളില്‍ നിന്നായി 6500 ഓളം പേരുടെ കയ്യൊപ്പുകള്‍ ശേഖരിച്ച് ചലച്ചിത്രപ്രവര്‍ത്തകര്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ് താരങ്ങങ്ങളായ കമല്‍ഹാസന്‍, സൂര്യ എന്നിവരും ശക്തമായി ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ”സിനിമ, മാധ്യമങ്ങള്‍, സാക്ഷര സമൂഹം എന്നിവയെ കണ്ണടച്ച് ചെവി പൊത്തി വാ മൂടിയിരിക്കുന്ന മൂന്ന് കുരങ്ങന്‍മാരുടെ പ്രതിമ പോലെയാക്കി മാറ്റാനാവില്ല,” എന്നും രാജ്യത്ത് ”സ്വാതന്ത്ര്യവും ‘ സംരക്ഷിക്കുന്നതിനായി ജനങ്ങള്‍ എതിര്‍പ്പ് ഉന്നയിക്കണണെന്നുമായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്.

‘നിയമമെന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ്. അത് ശബ്ദത്തെ ഞെരിച്ചമര്‍ത്താനുള്ളതല്ല,’ സൂര്യ ട്വിറ്ററില്‍ കുറിച്ചു. നിയമഭേഗതിക്കെതിരെ അഭിപ്രായം രേഖപ്പെടുത്താനും സൂര്യ ആളുകളോട് ആവശ്യപ്പെട്ടു. ട്വീറ്റിനൊപ്പം ഭേദഗതിയുടെ കരടിന്റെ പകര്‍പ്പും താരം പങ്കുവച്ചിട്ടുണ്ട്. ഇന്നാണ് വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള അവസാന ദിവസമെന്നും അതില്‍ പോയി വിയോജിപ്പ് രേഖപ്പെടുത്തൂവെന്നും ട്വീറ്റില്‍ പറയുന്നു.

ഒടിടി, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലെ ഇടപെടലിനായി ചട്ടം കൊണ്ടുവന്ന സര്‍ക്കാര്‍ സിനിമ രംഗത്തെ പരിഷ്‌ക്കരണത്തിനാണ് ഒരുങ്ങുന്നത് . കേന്ദ്രസര്‍ക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും.

സിനിമകള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാനുള്ള നീക്കം 2000ല്‍ കര്‍ണാടക ഹൈക്കോടതി തടഞ്ഞിരുന്നു. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. ഇതാണ് വീണ്ടും കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതേസമയം സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു.

വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള പ്രായഭേദമനുസരിച്ചുള്ള സെന്‍സറിങും ബില്ലിലുണ്ട്. അതേസമയം ഐടി ചട്ടത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരട് ബില്ല് കൂടി എത്തുന്നത് സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here