ലക്ഷദ്വീപിന് സംസ്ഥാന പദവി നല്‍കണം: ബിനോയ് വിശ്വം

ലക്ഷദ്വീപിന് സംസ്ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്തിപ്പെടുക തന്നെ ചെയ്യുമെന്ന് എം.പി ബിനോയ് വിശ്വം. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാസ്ഥാപനങ്ങളും ദ്വീപിൽ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം  പറഞ്ഞു.

‘ബി.ജെ.പിയുടെ നയമാണ് അവിടെ നടപ്പാക്കുന്നത്. ബീഫ് നിരോധനവും തലതിരിഞ്ഞ ടൂറിസം വികസനവും വീട് പൊളിച്ചുമാറ്റലും കൂട്ടപിരിച്ചു വിടലും രണ്ട് മക്കളിൽ കൂടുതൽ പാടില്ലെന്ന ക്യാംപെയ്‌നുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. യു.പിയിൽ അതാണല്ലോ നടപ്പാക്കാൻ ശ്രമിക്കുന്നത്,’ ബിനോയ് വിശ്വം പറഞ്ഞു.

രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ല എന്നൊക്കെ പറയുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. അഡ്മിനിസ്‌ട്രേറ്റർ ഇന്ത്യയെ സാമ്രാജ്യമായും ലക്ഷദ്വീപിനെ അതിന്റെ കോളനിയായിട്ടുമാണ് കാണുന്നത്.

‘ലക്ഷദ്വീപ് ഇന്ത്യയുടെ തന്നെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടന ബാധകമായ പ്രദേശമാണ്. അതല്ലാതെ ഏതോ ഒരു സാമ്രാജ്യത്തിന്റെ ഔട്ട്‌പോസ്റ്റാണ് ലക്ഷദ്വീപെന്നും ആ സാമ്രാജ്യാധിപന്റെ കൽപ്പനയ്‌ക്കൊത്താണ് അവിടെയുള്ളവർ ജീവിക്കേണ്ടത് എന്ന തരത്തിലുമാണ് അഡ്മിനിസ്‌ട്രേഷന്റെ ഭരണം,’ അദ്ദേഹം പറഞ്ഞു.

ഇതെല്ലാം കൊണ്ട് കൂടിയാണ് ലക്ഷദ്വീപിന് നിയമസഭ ഉള്ള ഒരു സംസ്ഥാന പദവി വേണമെന്ന ആവശ്യം പ്രസക്തമാകുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ഓരോ പ്രവർത്തിയും മനസിലാക്കുന്നത് ലക്ഷദ്വീപിനെ പോലുള്ള കേന്ദ്രഭരണപ്രദേശങ്ങളെ പഴയ സാമ്രാജ്യത്വത്തിന് കീഴിലുള്ള ഒരു കോളനിയായി കാണുന്ന രാഷ്ട്രീയവും മനശാസ്ത്രവും ആണ് അവർക്കുള്ളത് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യൻ ഭരണഘടനയുടെ മൗലികപ്രമാണങ്ങൾ അവർക്കറിയില്ല. ഒരു പാർലമെന്റംഗത്തിന്റെ അവകാശങ്ങളെപ്പറ്റി അറിയില്ല. ജനങ്ങളുടെ താലപ്പര്യത്തെപ്പറ്റി ഒന്നുമറിയില്ല. ഓലമടൽ വീണാൽ പോലും അത് കേസാക്കുന്ന ഭ്രാന്ത് പിടിച്ച ഒരു ഭരണകൂടമാണത്,’ ബിനോയ് വിശ്വം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here