സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം മഹേന്ദ്ര സിങ് അന്തരിച്ചു

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ മഹേന്ദ്ര സിങ് അന്തരിച്ചു. രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ വച്ചായിരുന്നു അന്ത്യം.77 വയസ്സായിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് കൊവിഡ് ബാധിച്ചു രോഗം ഭേദമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നേതാവിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് നഗരത്തിലെ പാർട്ടി പ്രവർത്തകർ.

സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന മഹേന്ദ്ര സിങ് ഇന്നലെ മുംബൈ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പശ്ചിമ മുംബൈയിൽ അന്ധേരി കേന്ദ്രമായിട്ടായിരുന്നു മഹേന്ദ്ര സിങ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. മഹാരാഷ്ട്രയിൽ പാർട്ടിയുടെ മുൻ നിര നേതാക്കളിൽ ഒരാളാണ് വിട പറഞ്ഞതെന്ന് മുതിർന്ന ട്രേഡ് യൂണിയൻ നേതാവായ പി ആർ കൃഷ്ണൻ അനുശോചിച്ചു. നഗരത്തിൽ നിരവധി പോരാട്ട സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാവിനോടൊപ്പം അര നൂറ്റാണ്ടിലധികം ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പി ആർ അനുസ്മരിച്ചു.

മഹാരാഷ്ട്രയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് മഹേന്ദ്ര സിംഗിന്റെ വിയോഗത്തോടെ സംഭവിച്ചതെന്ന് മുംബൈയിലെ കേരളീയ കേന്ദ്ര സംഘടനാ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ടി എൻ ഹരിഹരൻ അനുശോചിച്ചു.

നഗരത്തിലെ മലയാളി സമൂഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നുവെന്ന് ലോക കേരള സഭാംഗം എം കെ നവാസ് പറഞ്ഞു.

ഡി വൈ എഫ് ഐ യുടെ മഹാരാഷ്ട്രയിലെ സ്ഥാപക നേതാവായ മഹേന്ദ്ര സിങ് പുതിയ തലമുറയിൽപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ആവേശവും വഴികാട്ടിയുമായിരുന്നുവെന്നാണ് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗമായ ദീപക് പച്ച അനുശോചിച്ചത്.

1971 ൽ സി.പി.ഐയിൽ ചേർന്ന മഹേന്ദ്ര സിങ് അന്ന് പുതുതായി രൂപീകരിച്ച സി.ഐ.ടി.യുവിന്റെ കീഴിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1987 ൽ സിപിഐ എം മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയിലേക്കും 1991 ൽ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലേക്കും 2015 ൽ കേന്ദ്ര കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

മരണം വരെ അദ്ദേഹം ഈ സ്ഥാനങ്ങളിൽ തുടർന്നു. 1994 മുതൽ 2015 വരെ സിപിഐ എം മുംബൈ ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അദ്ദേഹം മുംബൈയിൽ പാർട്ടിയെ നിലനിർത്തുന്നതിലും വികസിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. 1986 മുതൽ 1989 വരെ ഡി.വൈ.എഫ്.ഐയുടെ സ്ഥാപക സ്റ്റേറ്റ് ജനറൽ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News