പൊതുമരാമത്ത്-ടൂറിസം വകുപ്പുകളുടെ നിര്‍മ്മിതികള്‍ക്ക് ഡിസൈന്‍ പോളിസി കൊണ്ടു വരും: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത്-ടൂറിസം വകുപ്പുകളുടെ നിര്‍മ്മാണങ്ങള്‍ക്ക് ഡിസൈന്‍ പോളിസി കൊണ്ടു വരുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആര്‍ക്കിടെക്ടുമാരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍യോഗത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കിടെക്ടുകള്‍ക്ക് വേണ്ടത്ര പങ്കാളിത്തം ലഭിക്കുന്നില്ലെന്ന അഭിപ്രായം നിലവിലുണ്ട്. നിര്‍മ്മിതികള്‍ കാലത്തെ അതിജീവിക്കുന്നതും സൗകര്യപ്രദവും ആകര്‍ഷണീയവുമാകണം. നിലവിലുള്ള നിര്‍മ്മാണ രീതികളിലെ പോരായ്മകള്‍ പരിഹരിക്കപ്പെടണം. സര്‍ക്കാറിന്‍റെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കാലോചിതവും ഗുണകരവുമായ മാറ്റം വരുത്താന്‍ നടപടികളുണ്ടാവും.

അതിസമ്പന്നമായ ചരിത്രവും വര്‍ത്തമാനവും അവകാശപ്പെടാനുള്ള കോഴിക്കോട് പൈതൃകനഗരത്തിന്‍റെ വളര്‍ച്ചയ്ക്കും മുന്നോട്ട് പോക്കിനും നിര്‍ണായകമാകുന്നതായിരുന്നു മന്ത്രി വിളിച്ചുചേര്‍ത്ത ജില്ലയിലെ ആര്‍ക്കിടെക്ടുമാരുടെ യോഗം.

ഓരോ നഗരത്തിന്‍റെയും കെട്ടിട നിര്‍മ്മിതികളുടെയും ആയുസ്സ് നിര്‍ണയിക്കുന്നത് അത് വിഭാവനം ചെയ്യുന്ന ആര്‍ക്കിടെക്ടിനെ അനുബന്ധപ്പെടുത്തിയാണ്. കോഴിക്കോടിന്‍റെ അതിസമ്പന്നമായ പഴമയോട് നീതി പുലര്‍ത്തിപുതിയ കാലത്തിന്‍റെ സാങ്കേതിക മികവുകളെ ഉപയോഗപ്രദമാക്കുന്ന നിര്‍മ്മിതികളെ സ്വാഗതം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പിന്‍റെ നിര്‍മ്മാണങ്ങളില്‍ ആര്‍ക്കിടെക്ടുകളുടെയും മറ്റ് അനുബന്ധ മേഖലകളിലുള്ളവരുടെയും ആശയവിനിമയത്തിനുള്ള ഒരു വിപുലമായ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നകാര്യം ആലോചിക്കും. എല്ലാവരെയും കോര്‍ത്തിണക്കി കൂട്ടായ്മയുടെ അഭാവത്താല്‍ ഉണ്ടായേക്കാവുന്ന പരാതികളെല്ലാം പരിഹരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും വാഹനങ്ങള്‍ കയറ്റിയിട്ടും മറ്റും കൈയേറിയ സ്ഥലങ്ങള്‍ കണ്ടെത്തി ആര്‍ക്കിടെക്ടുകളുടെ സഹായത്തോടെ വിശ്രമകേന്ദ്രങ്ങളും നടപ്പാതകളും പണിയും. പി.ഡബ്ല്യൂ ഡി റെസ്റ്റ്ഹൗസുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തും.

ജില്ലാ കലക്ടര്‍ സാംബശിവറാവു, വിനോദസഞ്ചാര വകുപ്പ് മേഖല ജോയിന്‍റ് ഡയറക്ടര്‍ സി. എന്‍ അനിതകുമാരി, ആര്‍ക്കിടെക്ടുമാരായ ഐഐഎം കാലിക്കന്‍റ് സെന്‍റര്‍ ചെയര്‍മാന്‍ പി. പി വിവേക്, വിനോദ് സിറിയക്, പ്രശാന്ത്, ടോണി, ബ്രിജേഷ്, എന്‍ എം സലിം, നിമിഷ ഷൈജള്‍, ഷാം സലിം, നൗഫല്‍ ഹാഫിം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News