നിലപാടിൽ മാറ്റമില്ലാതെ കര്‍ഷകര്‍; പ്രതിഷേധം തുടരും, ഈ മാസം 22ന് സമരം പാര്‍ലമെന്റിന് മുന്‍പിൽ

എട്ടുമാസമായി തുടരുന്ന കര്‍ഷക സമരം പാര്‍ലമെന്റിന് മുന്‍പിലേക്ക് നേരിട്ടെത്തിക്കാനൊരുങ്ങി കര്‍ഷക സംഘനകള്‍. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ സമരം നടത്തും. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.

ഒരു ദിവസത്തെ പ്രതിഷേധത്തില്‍ അഞ്ച് കര്‍ഷക നേതാക്കളും 200 കര്‍ഷകരും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍. ഈ മാസം 19നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്.

ഈ സാഹചര്യത്തിലാണ് ഡല്‍ഹി അതിര്‍ത്തികളില്‍ എട്ടുമാസമായി തുടരുന്ന സമരം പാര്‍ലമെന്റിന് മുന്നിലേക്ക് നേരിട്ടെത്തിക്കാനൊരുങ്ങുന്നത്. ഇന്നു ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ഉറപ്പുവരുത്തുന്നതിനായി നേതാക്കള്‍ക്ക് കത്ത് നല്‍കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം അതിര്‍ത്തികളില്‍ നടക്കുന്ന സമരം രാജ്യതലസ്ഥാനത്തേക്ക് കടക്കാതിരിക്കാന്‍ കനത്ത സുരക്ഷയും പരിശോധനയും ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News