ഇത് കാക്കിയുടെ കരുതൽ; പരീക്ഷയ്ക്ക് പോകാൻ സ്വന്തം വാഹനത്തിൽ യാത്രസൗകര്യമൊരുക്കിയ എസ്.ഐയ്ക്ക് നന്ദി അറിയിച്ച് വിദ്യാർത്ഥികൾ

പരീക്ഷയ്ക്ക് പോകാൻ വാഹനം കിട്ടാതെ വലഞ്ഞ വിദ്യാർത്ഥികൾക്ക് യാത്രയൊരുക്കി എസ്.ഐയ്ക്ക്,കാക്കിയുടെ കരുതലിന് വിദ്യാർത്ഥികള്‍ നന്ദി അറിയിച്ചു.

വാഹനം കിട്ടാതെ പരീക്ഷക്ക് സ്കൂളിൽ എത്തിച്ചേരാനാകാതെ വഴിയോരത്ത് കാത്തുനിന്ന ഹയർസെക്കൻഡറി വിദ്യാർത്ഥികളെ സ്വന്തം വാഹനത്തിൽ പരീക്ഷാഹാളിൽ എത്തിച്ച് ശൂരനാട് പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ മഞ്ജു വി നായർ കാക്കിക്കുള്ളിലെ കരുതലിൻ്റെ പ്രതീകമായി.

പരീക്ഷ എഴുതാൻ ഉള്ള യാത്രയിൽ വാഹനം കിട്ടാതെ റോഡരികിൽനിന്ന ശൂരനാട് ഗവൺമെൻറ് സ്കൂളിലെ വിദ്യാർത്ഥികളായ ഇജാസ് അഭിരാം എന്നിവരെയാണ് വനിതാ എസ് ഐ മഞ്ജു തൻ്റെ സ്വകാര്യ വാഹനത്തിൽ പരീക്ഷകേന്ദ്രത്തിൽ എത്തിച്ചത്.

11 മണിക്കുള്ള കണക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയ്ക്കായി പത്തു മണി മുതൽ കൊല്ലം-തേനി പാതയിൽ താമരകുളത്തു ബസ് കാത്തു നിന്നെങ്കിലും വാഹനം കിട്ടിയില്ല. നിരവധി ഇരുചക്രവാഹനങ്ങൾക്ക് കൈ കാണിച്ചു പുറകെ ഓടിയെങ്കിലും കൊവിഡ് ഭീതിയുള്ളതിനാൽ ആരും വാഹനം നിർത്താൻ തയ്യാറായില്ല. ഈ സമയത്താണ് താമരക്കുളം സ്വദേശിയായ മഞ്ജു ഡ്യൂട്ടിയ്ക്ക് പോകാനായി അതുവഴി വന്നത്.

വാഹനത്തിന് കൈകാണിച്ചപ്പോൾ എസ് ഐ വാഹനം നിർത്തി. യൂണിഫോംധാരിയായ എസ്.ഐ യെകണ്ടപ്പോൾ കയറാൻ മടിച്ച ഇരുവരോടും കാര്യങ്ങൾ തിരക്കുകയും വാഹനത്തിൽ കയറ്റി പരീക്ഷാഹാളിൽ എത്തിക്കുകയുമായിരുന്നു. എസ്. ഐയോടൊപ്പമുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ മാധ്യമങ്ങളിൽ പങ്കുവച്ചാണ് വിദ്യാർത്ഥികൾ പൊലീസിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here