രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര വിട്ടത് 54 ലക്ഷം പേര്‍; മടങ്ങിയെത്തിയത് പകുതി മാത്രം

ഏപ്രില്‍, മെയ് മാസങ്ങളില്‍ 54.4 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ നിന്ന് റെയില്‍ മാര്‍ഗം ജന്മനാടുകളിലേക്ക് മടങ്ങിയത്. തുടര്‍ന്ന് ജൂണില്‍, സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തുടങ്ങിയപ്പോള്‍, 26 ലക്ഷം പേര്‍ മാത്രമാണ് മടങ്ങിയെത്തിയതെന്നാണ് തൊഴില്‍വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ഏറക്കുറെ അടച്ചിടപ്പെട്ട ഏപ്രില്‍, മേയ് മാസങ്ങളിലാണ് 54 ലക്ഷത്തിലധികം ജനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. ലോക്ഡൗണ്‍ വന്നതോടെ നാട്ടിലേക്കു പോയവരിലേറെയും കുടിയേറ്റത്തൊഴിലാളികളാണെന്നാണ് കണക്കാക്കുന്നത്. തൊഴില്‍മേഖലകള്‍ ഇനിയും പുനഃസ്ഥാപിക്കാത്തത് കൊണ്ടാണ് ഭൂരിഭാഗം പേരും തിരികെയെത്താത്തത്.

ഇവരില്‍ 18 ലക്ഷം പേര്‍ ഉത്തര്‍ പ്രദേശിലേക്കും 6.4 ലക്ഷം പേര്‍ ബിഹാറിലേക്കും 5.2 ലക്ഷം പേര്‍ ഗുജറാത്തിലേക്കും 3.8 ലക്ഷംപേര്‍ പശ്ചിമ ബംഗാളിലേക്കുമാണ് മടങ്ങിയത്. ജൂണില്‍ തിരിച്ചെത്തിയവരില്‍ 8.4 ലക്ഷംപേര്‍ യു പിയില്‍നിന്നാണ്. 3.3 ലക്ഷംപേര്‍ ഗുജറാത്തില്‍നിന്നും രണ്ടുലക്ഷംപേര്‍ ബിഹാറില്‍നിന്നുമെത്തി.

സംസ്ഥാനത്തെ നിര്‍മ്മാണമേഖലയിലെ തൊഴിലാളികളില്‍ 90 ശതമാനവും തിരിച്ചെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരാനായി. ചില്ലറ വില്‍പ്പനമേഖലയും റെസ്റ്റോറന്റ്, ബാര്‍ തുടങ്ങിയ മേഖലയും വലിയ പ്രതിസന്ധിയിലാണ്. നഗരത്തിലെ പല പ്രമുഖ ഹോട്ടലുകളും പൂര്‍ണമായി അടച്ചിട്ട നിലയിലാണ്. ഈ മേഖലകളില്‍ ജോലിചെയ്തിരുന്നവരും വിവിധ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ തുടങ്ങി. ഭൂരിഭാഗം പേരും ഇനിയും തിരിച്ചെത്തിയിട്ടില്ല. നിലവിലെ യാത്രാ നിയന്ത്രണങ്ങളും തൊഴില്‍ രംഗം നേരിടുന്ന വെല്ലുവിളികളുമാണ് പലരെയും തിരികെയെത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News