എങ്ങുമെത്താതെ സ്വര്‍ണ്ണക്കടത്ത് കേസ്; വിവാദങ്ങള്‍ക്കിന്ന് ഒരു വയസ്സ്

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. നാലിലേറെ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും സ്വര്‍ണ്ണക്കടത്ത് കേസ് ഇതുവരെ എങ്ങുമെത്തിയില്ല. കേരള രാഷ്ട്രീയത്തില്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് ഒരു വര്‍ഷം തികയുമ്പോള്‍ പ്രധാന പ്രതികളെ പോലും ഇനിയും കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ജൂലൈ 5ന് രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വിസ്‌ഫോടനാത്മകമായ ആ വാര്‍ത്ത പുറത്തെത്തുന്നത്. നയതന്ത്ര ബാഗേജില്‍ നിന്ന് 30 കിലോ സ്വര്‍ണ്ണം പിടികൂടി. ഉച്ചയോടെ കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ സരിത്ത് കസ്റ്റംസ് പിടിയിലായി. നഗരത്തിലെ വീട്ടീല്‍ നിന്ന് സ്വപ്ന സുരേഷും സൂഹ്യത്ത് സന്ദീപ് നായരും അപ്രത്യക്ഷരായി.

ഐ ടി സെക്രട്ടറി എം ശിവശങ്കരനും സ്വപ്ന സുരേഷും സുഹൃത്തുക്കള്‍ ആണെന്ന് പുറത്തായതോടെ സാങ്കല്പിക കഥകളുടെ കുത്തൊഴുക്കായിരുന്നു. മസാലയില്‍ പുരട്ടിയ നിറം പിടിപ്പിച്ച കഥകള്‍ക്ക് മഞ്ഞലോഹത്തെക്കാള്‍ തിളക്കം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും സംശയ നിഴലില്‍ നിര്‍ത്താനായിരുന്നു മാധ്യമങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും ശ്രമം. ആദ്യം കസ്റ്റംസ്, പിന്നെ തീവ്രവാദ ബന്ധം ആരോപിച്ച് എന്‍ ഐ എ, പിന്നാലെ സി ബി ഐ, ഏറ്റവും ഒടുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

സ്വര്‍ണ്ണം അയച്ചതെന്ന് പറയുന്ന ഫൈസല്‍ ഫരീദ്, സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍മാരായ കോണ്‍സുലെറ്റ് ജനറല്‍, അറ്റാഷെ എന്നിവരെ ഇതുവരെ ഇന്ത്യയിലെത്തിക്കാന്‍ പോലും അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ല. പിടിയിലായ പ്രതികളില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും സരിത്തിനും ഒഴികെ ഏതാണ്ട് എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കോഫെപോസ ചുമത്തിയതിന്റെ കാലപരിധി കഴിഞ്ഞാല്‍ അവര്‍ക്കും ജാമ്യം ലഭിക്കും.

കോടതിക്ക് പോലും സഹികെട്ട് തെളിവ് എവിടെയെന്ന് ചോദിക്കേണ്ടതായി വന്നു. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ വന്നവര്‍ ഖുറാന്‍, ഇന്തപ്പഴം, ലൈഫ് മിഷന്‍, കെ ഫോണ്‍, ഐ ഫോണ്‍, കാറ്റാടി പാടം എന്നൊക്കെ പറഞ്ഞ് പലതായി വഴി പിരിഞ്ഞു. ബി ജെ പി ആപ്പീസിന് മുന്നിലെ സെക്യൂരിറ്റി പണിക്കാരനെ പോലെ പുകള്‍പ്പെറ്റ ദേശീയ ഏജന്‍സികള്‍ പെരുമാറിയത് ബി ജെ പിക്കും, പ്രതിപക്ഷത്തിനും വേണ്ടിയായിരുന്നു. ഒടുവില്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ ഒരു വര്‍ഷം കഴിയുമ്പോള്‍ ഒച്ചിഴയുന്ന വേഗതയില്‍ കേസന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News