ശിവസേനയുമായി ബി ജെ പിക്ക് ശത്രുതയില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ്

ബി ജെ പിയും മുന്‍ സഖ്യകക്ഷിയുമായ ശിവസേനയും തമ്മില്‍ ശത്രുതയില്ലെന്നും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായി ദേവേന്ദ്ര ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയില്‍ ഇരു പാര്‍ട്ടികളും വീണ്ടും ഒന്നിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യം ഉയര്‍ന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് ഫഡ്നാവിസ് പ്രതികരിച്ചത്. രാഷ്ട്രീയത്തില്‍ എങ്കിലും എന്നാലും തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

കഴിഞ്ഞ മാസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.

കൂടിക്കാഴ്ചക്ക് തൊട്ടു പിന്നാലെ ബി ജെ പിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗത് നല്‍കിയ മറുപടിയിലും ചില അടിയൊഴുക്കുകള്‍ പ്രകടമായിരുന്നു. കടുവയുമായി ആര്‍ക്കും ചങ്ങാത്തം കൂടാന്‍ കഴിയില്ല. ആരോട് ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കുമെന്നാണ് റൗത് പറഞ്ഞത്. ശിവസേനയുടെ ചിഹ്നമായ കടുവയെ ഉദ്ധരിച്ചായിരുന്നു മറുപടി.

ശിവസേനയും എന്‍ സി പിയുമായി നിലവിലുള്ള സഖ്യം തുടരുമെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കും എന്ന എം പി സി സി അധ്യക്ഷന്‍ നാനാ പഠോളെയുടെ പ്രസ്താവന ശിവസേനയെ ചൊടിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here