ബത്തേരി ബി ജെ പി കോഴ; ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടി

ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. മൂന്നരക്കോടിയില്‍ ഒന്നരക്കോടി ചെലവഴിച്ചെന്ന ഡിജിറ്റല്‍ രേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.

ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ അയച്ച ഇ-മെയില്‍, വാട്‌സാപ്പ് സന്ദേശങ്ങളില്‍നിന്നാണ് മൂന്നരക്കോടി രൂപയുടെ വിവരം പുറത്താവുന്നത്. വരവുചെലവ് കണക്കുകളെക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ 1.50 കോടി ചെലവഴിച്ചെന്നാണ് പറയുന്നത്. ബാക്കി തുകയെക്കുറിച്ച് വ്യക്തതയില്ല. ചില സംസ്ഥാന നേതാക്കള്‍ക്കുള്‍പ്പെടെ ഇത് അയച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ പേരെ കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

പ്രശാന്ത് മലവയലിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതിനാല്‍ രണ്ട് തവണ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. ഇദ്ദേഹം വ്യക്തിപരമായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

അതേസമയം ബി ജെ പി സംഘടനാ സെക്രട്ടറി എന്‍ ഗണേഷിനേയും മേഖലാ സെക്രട്ടറി പി സുരേഷിനേയും അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യാനിരിക്കെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. ഈ നേതാക്കള്‍ക്കുള്‍പ്പെടെ സംഭവത്തില്‍ പങ്കുണ്ടെന്ന നിര്‍ണ്ണായക മൊഴികള്‍ നേരത്തേതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതികളായ കെ സുരേന്ദ്രനേയും സി കെ ജാനുവിനേയും തുടര്‍ന്ന് വിളിപ്പിക്കും. മൂന്നരക്കോടി എത്തിയ വിവരം പുറത്തുവന്നതോടെയാണ് നേരത്തേ ബി ജെ പി ജില്ലാ ഘടകത്തില്‍ വലിയ പൊട്ടിത്തെറിയുണ്ടായത്.

പോഷക സംഘടനകളിലും സംഘപരിവാര്‍ സംഘടനകളിലുമെല്ലാം ഇതേതുടര്‍ന്നുള്ള കൂട്ടരാജി ഇപ്പോഴും തുടരുകയാണ്. തെരെഞ്ഞെടുപ്പ് ചെലവായി ബി ജെ പി സംഘടനക്കുള്ളില്‍ അവതരിപ്പിച്ച കണക്കില്‍ 75 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്.ഉറവിടം വ്യക്തമാക്കാത്ത തുകയുടെ വഴിവിട്ട വിനിയോഗം ബത്തേരിയില്‍ അവസാനിക്കില്ല. പല സംസ്ഥാന നേതാക്കളും പണത്തില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് ബി ജെ പിക്കുള്ളില്‍ തന്നെ ആരോപണങ്ങളും കലഹങ്ങളുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News