
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മൂന്നാമതൊരു സംഘത്തിനു കൂടി പങ്കുണ്ടെന്ന് കസ്റ്റംസ്.ഒന്നാം പ്രതി ഷെഫീക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കണ്ണൂർ സ്വദേശിയായ യൂസഫിന്‍റെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്.ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് കസ്റ്റംസ് നോട്ടീസ് നൽകി.അതേ സമയം ജയിലില്‍ വച്ച് ചെർപ്പുളശ്ശേരി സംഘത്തിൽ നിന്ന് തൻറെ ജീവന് ഭീഷണിയുണ്ടായെന്നും ഷെഫീക്ക് വെളിപ്പെടുത്തി.ഇതിനിടെ അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ കൊടുവള്ളി സംഘത്തിൻറെയും അർജുൻ ആയങ്കിയുടെ സംഘത്തിൻറെയും പങ്കിനെക്കുറിച്ചാണ് കസ്റ്റംസിന് ആദ്യം വിവരം ലഭിച്ചിരുന്നത്.എന്നാൽ ഒന്നാം പ്രതി മുഹമ്മദ് ഷെഫീക്കിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് യൂസഫ് എന്ന കണ്ണൂർ സ്വദേശിയുടെ സംഘത്തെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായത്.
ദുബായിൽ നിന്നു കൊണ്ടുവന്ന സ്വർണ്ണം യൂസഫിന് കൈമാറാനാണ് ഷെഫീക്ക് ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ ഇതിനിടയിലാണ് അർജുൻ ആയങ്കിയുടെ സംഘം ഷെഫീക്കുമായി ഡീലുറപ്പിച്ചത്.
യൂസഫിനെക്കുറിച്ചുള്ള ഷെഫീക്കിൻറെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ ഇയാളോട് ഹാജരാകാൻ നിർദേശിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചു.മഞ്ചേരി സബ്ജയിലിൽ കഴിയവെ ചെർപ്പുളശ്ശേരി സംഘത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടായതായി ഷെഫീക്ക് കസ്റ്റംസിനോട് വെളിപ്പെടുത്തി.
സ്വർണ്ണക്കടത്ത് സംഘങ്ങൾ പരസ്പരം എറ്റുമുട്ടിയാണ് പലപ്പോഴും ഇടപാടുകൾ നടത്തിയിരുന്നത്.ദുബായിൽ നിന്നും സ്വർണ്ണവുമായി വരുന്നവരെ തട്ടിക്കൊണ്ടുപോയി മർദിച്ചാണ് സ്വർണ്ണം കൈക്കലാക്കി ഹവാല ചാനലുകൾ വഴി വിറ്റഴിച്ചിരുന്നത്.പലപ്പോഴും ആളുമാറി തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആറ് ദിവസത്തെ കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഷെഫീക്കിനെ എറണാകുളം എസി ജെ എം കോടതിയിൽ ഹാജരാക്കി.അതേ സമയം അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here