മോദി സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങളുടെ ഇരയാണ് സ്റ്റാന്‍ സ്വാമി, നഷ്ടപ്പട്ടത് ധീരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ: അനുശോചനമറിയിച്ച് മന്ത്രി കെ രാജന്‍

ജസ്യുട്ട് വൈദികനും മനുഷ്യവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ റവന്യു മന്ത്രി കെ രാജന്‍ അനുശോചിച്ചു. ധീരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെയാണ് സമൂഹത്തിന് നഷ്ടപ്പട്ടതെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ചു പതിറ്റാണ്ടിലേറെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി മോദി സര്‍ക്കാര്‍ തടവിലിടുകയായിരുന്നു. 2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്?. ജയിലില്‍ വേണ്ട ചികിത്സ പോലും നല്‍കിയിരുന്നില്ല. മോദി സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങളുടെ ഇരയാണ് സ്റ്റാന്‍ സ്വാമിയെന്നും കെ രാജന്‍ പറഞ്ഞു.

ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചത്. മരണം ഞെട്ടലുളവാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ സ്വാമിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്ന് അഭിഭാഷകന്‍ അറിയിച്ചു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് അന്ത്യം. കടുത്ത ശ്വാസ തടസത്തേയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം.

കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here