സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നത് ന്യായീകരിക്കാനാവില്ല: സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍സ്വാമിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നു എന്നത് ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടില്‍ അഗാധമായ ദുഖം. നമ്മുടെ സമൂഹത്തിലെ ഏറ്റവും താഴ്ന്നവര്‍ക്കായി ജീവിതത്തിലുടനീളം പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നു എന്നത് ന്യായീകരിക്കാനാവില്ല. നീതിയുടെ അത്തരം ചതിക്കുഴികള്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ സ്ഥാനമില്ല. ഹൃദയംഗമമായ അനുശോചനം! എന്നാണ് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചത്. മരണം ഞെട്ടലുളവാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ സ്വാമിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്ന് അഭിഭാഷകന്‍ അറിയിച്ചു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് അന്ത്യം. കടുത്ത ശ്വാസ തടസത്തേയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം.

കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News