ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെയും അവകാശങ്ങള്‍ക്കായി പൊരുതിയ പോരാളിയായിരുന്നു സ്റ്റാന്‍ സ്വാമി; അനുശോചനമറിയിച്ച് സ്പീക്കര്‍

ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവരും ചൂഷിതരുമായ ജനതയുടെയും അവകാശങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പോരാളിയായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും അദ്ദേഹത്തിന്റെ അത്യധികം വേദനാജനകമായ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്.

ഈ പോരാട്ടത്തില്‍ ധാതുസമ്പത്തും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്ന മൂലധന ശക്തികളുമായിരുന്നു എതിര്‍പക്ഷത്ത്. അതിനാല്‍ ഇവരുടെ കണ്ണിലെ കരടായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

ഭീമ കൊരേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില കഴിഞ്ഞ കുറെ മാസങ്ങളായി അത്യന്തം ഗുരുതരമായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗിയായിരുന്ന അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാന്‍ ഒരു സ്ട്രോ ലഭിക്കുന്നതിന് വരെ വലിയ നിയമ പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു. വിചാരണ തടവുകാര്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു എന്നത് ക്രൂരമായ യാഥാര്‍ഥ്യമാണ്. സ്പീക്കര്‍ പ്രതികരിച്ചു.

ശരിയായ ചികിത്സ ലഭിക്കാതെ അദ്ദേഹത്തിന് ജയിലില്‍ ഏറെ ക്ലേശിക്കേണ്ടിവന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ അദ്ദേഹത്തിന് കൊടിയ ദുരിതവും പീഡനവും അനുഭവിക്കേണ്ടി വന്നതിന് യാതൊരു ന്യായീകരണവുമില്ല. .

ഇത്തരമൊരു സ്ഥിതി ഉണ്ടായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണ-നീതിന്യായ വ്യവസ്ഥകള്‍ക്ക് ഒഴിഞ്ഞുനില്‍കാനാവില്ല.
വയോധികനും രോഗിയുമായ അദ്ദേഹത്തിന്റെ ദാരുണാന്ത്യത്തിനിടയാക്കിയ സാഹചര്യങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണെന്നതില്‍ സംശയമില്ലെന്നും ഇതുപോലുള്ള ക്രൂരമായ നീതിനിഷേധം ഇനി ആവര്‍ത്തിക്കാന്‍ ഇടവരരുതെന്നും സ്പീക്കര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News