ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നതിന് സാഹചര്യത്തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന 12 സാഹചര്യങ്ങള്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജ‍ഡ്ജി എം മനോജ് മുമ്പാകെ നിരത്തി. ഉത്രയ്ക്ക് സഹിക്കാനാവാത്ത പീഡനങ്ങളാണ് ഭര്‍ത്താവിന്റെ വീട്ടിലെന്ന് ബോദ്ധ്യപ്പെട്ട് 2020 ജനുവരിയില്‍ ഉത്രയുടെ മാതാപിതാക്കളും അര്‍ദ്ധസഹോദരന്‍ ശ്യാംദേവും അവിടെയെത്തിയിരുന്നു.

ഇനി വിവാഹബന്ധം തുടരേണ്ട,  വാങ്ങിയതൊക്കെ തിരിച്ചുനല്‍കിയാല്‍ മതിയെന്ന് ശ്യാംദേവ് പറഞ്ഞയുടന്‍ തന്നെ സൂരജ് ഓടിവന്ന് കുട്ടിയെ വാങ്ങി ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി. ആ തീയതി മുതലാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന മനസ്സില്‍ രൂപപ്പെടുത്തിയത്. 2020 ജനുവരി മുതല്‍ സൂരജ് അണലിയെപ്പറ്റിയും മാപ്പുസാക്ഷി സുരേഷിനെപ്പറ്റിയും ഇന്റര്‍നെറ്റില്‍ പരതിത്തുടങ്ങി.

2020 ഫെബ്രുവരി 12 മുതല്‍ സുരേഷുമായി ബന്ധം സ്ഥാപിച്ച് 18ന് അവര്‍ ഇരുവരും ചാത്തന്നൂരില്‍ വച്ച് നേരില്‍ കണ്ടതായും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പിന്നീടാണ് സൂരജ് ചാവര്‍കാവ് സുരേഷിനോട് വിഷമുള്ള പാമ്പിന്റെ കാര്യം ചോദിച്ചത്. ഫെബ്രുവരി 24ന് കല്ലുവാതുക്കല്‍ ഊഴായിക്കോട് നിന്നും സുരേഷ് പിടിച്ച അണലിയെ 26ന് അതിരാവിലെ സൂരജിന് കൈമാറി. അന്ന് അതിരാവിലെ 4.47 മുതല്‍ സൂരജും സുരേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും 5.28ന് സുരേഷ് പറക്കോട് എത്തിയതായുള്ള ടവര്‍ ലൊക്കേഷനും കൃത്യമായ തെളിവുകളാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

തൊട്ടടുത്ത ദിവസം സൂരജ് നിര്‍ദ്ദേശിച്ച പ്രകാരം മുകളിലെ കിടപ്പുമുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോയ ഉത്ര സ്റ്റെയര്‍കേസില്‍ പാമ്പിനെ കണ്ടത് യാദൃശ്ചികമല്ലെന്നും ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ പാളിപ്പോയ ആദ്യശ്രമമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ഈ വിവരം ഉത്ര മാതാപിതാക്കളോട് പറഞ്ഞത് മരണമൊഴി എന്ന തെളിവ് നിയമത്തിലെ 32-ാം വകുപ്പ് പ്രകാരം പ്രസക്തമാണെന്ന് 1939ലെ പ്രിവി കൗണ്‍സില്‍ വിധികളുള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചു.

നിലത്തുകൂടി മാത്രം ഇഴയാന്‍ താല്പര്യപ്പെടുന്ന അണലിയെ രണ്ടാം നിലയിലാണ് കണ്ടത്. സൂരജിന്റെ വീട് നില്‍ക്കുന്ന പ്രദേശത്ത് സ്വാഭാവികമായി അവ അധിവസിക്കുന്നതല്ല. ആ പ്രദേശത്ത് നിന്നും അണലിയെ ആരും കണ്ടെത്തുകയോ രക്ഷപ്പെടുത്തുകയോ ചെയ്തിട്ടില്ല. 15 വര്‍ഷത്തിനിടെ പറക്കോട് ഭാഗത്ത് നിന്ന് ആരും തന്നെ അണലി കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിട്ടില്ല. പറക്കോട് നിന്നും പെരുമ്പാമ്പുകളെ മാത്രമാണ് പിടികൂടി കാട്ടില്‍ വിട്ടിട്ടുള്ളതെന്ന് വനംവകുപ്പ് രേഖകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സൂരജ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ 2020 മാര്‍ച്ച് മൂന്നിന് രാത്രി ഒരു മണിക്ക് തന്റെ ഭാര്യയ്ക്ക് കാല് വേദന വന്നതായി വ്യക്തമാക്കുന്നുണ്ട്. പക്ഷേ അന്ന് പുലര്‍ച്ചെ 2.54ന് മാത്രമാണ് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സൂരജ് തന്റെ സുഹൃത്ത് സുജിത്തിനോട് ആവശ്യപ്പെടുന്നത്. മരണം ഉറപ്പാക്കാനായിരുന്നു ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസിച്ചത്.

വീട്ടില്‍ രണ്ട് വാഹനങ്ങള്‍ ഉണ്ടായിട്ടും സൂരജ് സ്വയം ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ കോടതിയില്‍ നല്‍കിയ വിശദീകരണം താന്‍ അന്ന് മദ്യപിച്ചിരുന്നതുകൊണ്ടാണെന്നാണ്. സ്വന്തം ഭാര്യ വേദന കൊണ്ട് പുളയുമ്പോഴും അവരുടെ ജീവന്‍ രക്ഷിക്കാന്‍ പോലും വാഹനമോടിക്കില്ലെന്ന വാദം സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

‍സാധാരണ പാമ്പുകടിയേല്‍ക്കുന്ന ഏതൊരാളും അത് തിരിച്ചറിയും. പ്രത്യേകിച്ച് അണലിയുടെ കടിയുടെ വേദന അസഹ്യമായിരിക്കെ അത് തിരിച്ചറിയാന്‍ കഴിയാഞ്ഞത് സംശയകരമാണെന്ന പുഷ്പഗിരി മെഡിക്കല്‍ കോളജിലെ ഡോ. മാത്യു പുളിക്കന്റെ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഉത്ര അണലി കടിയേറ്റ് പുഷ്പഗിരി ആശുപത്രിയില്‍ കിടക്കുമ്പോള്‍ മാര്‍ച്ച് നാല് മുതല്‍ സൂരജ് മൂര്‍ഖന്‍ പാമ്പിനെ തിരഞ്ഞുതുടങ്ങി. ഒരു മാസത്തിനുശേഷം വീണ്ടും ചാവര്‍കാവ് സുരേഷിനെ വിളിച്ച് മൂര്‍ഖനെ ആവശ്യപ്പെട്ടതും പുഷ്പഗിരി ആശുപത്രിയില്‍ ഇരുന്നുകൊണ്ടുതന്നെയാണെന്ന് സൂരജിന്റെ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ കാട്ടി കോടതിയെ ബോദ്ധ്യപ്പെടുത്തി.

ഭാര്യ സഹിക്കാനാവാത്ത വേദന കൊണ്ട് അലറി കരയുമ്പോഴും കൊലപാതകം നടപ്പിലാക്കാനുള്ള ആശുപത്രിയിലിരുന്നുള്ള സൂരജിന്റെ ശ്രമം കുറ്റകൃത്യത്തിന്റെ ഏറ്റവും നിന്ദ്യമായ രൂപമാണ് വെളിവാക്കുന്നത്.
തുടര്‍ന്ന് ഏപ്രില്‍ 23ന് വഞ്ചിയൂര്‍ കടവിളയില്‍ നിന്നും മൂര്‍ഖനെ പിടിച്ചതറിഞ്ഞ് സൂരജ് 25ന് ചാവര്‍കാട് സുരേഷുമായി ബന്ധപ്പെടുകയും അന്നേദിവസം 11.45 ഓടെ ഏനാത്ത് വച്ച് സുരേഷ് സൂരജിന് മൂര്‍ഖനെ കൈമാറുകയും ചെയ്തുവെന്ന് സുരേഷിന്റെ മൊഴി കൊണ്ടും മറ്റ് സാഹചര്യങ്ങള്‍ കൊണ്ടും വെളിവായതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതിയുടെയും സുരേഷിന്റെയും ടവര്‍ ലൊക്കേഷന്‍ അന്നേദിവസം 11.45 മുതല്‍ ഏനാത്ത് ആയിരുന്നു. ആ ദിവസം 11.41ന് സുരേഷ് തന്റെ സ്കൂട്ടറില്‍ ഏനാത്ത് പാലം കടക്കുന്നതിന്റെ ക്യാമറ ദൃശ്യങ്ങളും, പ്രതി പാമ്പിനെ കൈപ്പറ്റിയ സ്ഥലം സുരേഷ് പൊലീസിന് കാണിച്ച് നല്‍കിയതും ശക്തമായ തെളിവുകളാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.  സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ  വാദം തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News