കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി മുംബൈയിലേക്ക് കൊണ്ട് വന്നത്. എന്നാൽ ഒരിക്കൽ പോലും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയോ കസ്റ്റഡിയിൽ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മറിച്ച് തലോജ ജയിലിലേയ്ക്ക് അയക്കുകയായിരുന്നു.
ഒരു ദിവസത്തെ കസ്റ്റഡി പോലും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിൽ സ്വാമിയേ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ജയിലിൽ എല്ലാ മനുഷ്യാവകാശവും ലഘിച്ചു കൊണ്ടായിരുന്നു 84 കാരനായ വയോധികനെ തടവിൽ സൂക്ഷിച്ചിരുന്നത്.
പ്രായവും പാർക്കിൻസൺസ് രോഗവും അലട്ടിയിരുന്ന സ്വാമിയ്ക്ക് മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. കൊവിഡ് രോഗഭീതി കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കാനായി കോടതിയെ സമീപിച്ചത്. എന്നാൽ മഹാമാരിയുടെ മറവിൽ അനാവശ്യമായ ആനുകൂല്യം തേടുകയാണെന്ന് വാദിച്ചാണ് ജാമ്യം നിഷേധിച്ചത്.
നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്നതിനിടെയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായത് . ഇരുചെവികളുടെയും കേൾവി ശക്തിയ്ക്ക് കാര്യമായ തകരാർ, സന്ധി വേദന, വാർധക്യസഹജമായ മറ്റു പ്രയാസങ്ങളും. ഇതിനുപുറമേ തടവറയിൽവെച്ച് കോവിഡും ബാധിച്ചു. പരസഹായമില്ലാതെ വെള്ളം കുടിക്കാനുള്ള ഗ്ലാസ് പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു സ്േട്രായും സിപ്പർ കപ്പും വേണമെന്ന വയോധികന്റെ ആവശ്യം പോലും ജയിലധികൃതർ പരിഗണിച്ചില്ല.
2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപക്കേസില്‍ ഗൂഢാലേചന ആരോപിച്ചാണ് എന്‍ഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ജയിലിലെത്തുമ്പോൾ പരസഹായം ആവശ്യമില്ലായിരുന്നെന്നും പിന്നീട് എഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ലെന്നാണ് മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി കോടതിയെ ധരിപ്പിച്ചത്.
തനിക്ക് ജാമ്യം അനുവദിക്കണമെന്നും ചികിത്സയ്ക്കായി ഏതെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാൾ നല്ലത് ജയിലിൽക്കിടന്ന് മരിക്കുന്നതാണെന്നും ഫാദർ സ്റ്റാൻ സ്വാമി ബോംബെ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു ഏറെ വൈകിയാണെങ്കിലും സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നത്. അപ്പോഴേക്കും സ്വാമിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലേക്ക് കടന്നിരുന്നു.
അഞ്ചു പതിറ്റാണ്ടായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന സ്വാമിക്ക് തന്റെ അവസാന നാളുകൾ അവരോടൊപ്പം ചിലവിട്ട് മരിക്കണമെന്നായിരുന്നു ആഗ്രഹം. അടിയന്തരമായി അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ കോടതിയെ സമീപിച്ചിരുന്നു. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഇരിക്കവെയാണ് മരണം സംഭവിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.