ഇടത് എം പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനം തടഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് വിചിത്രം : ജോണ്‍ ബ്രിട്ടാസ് എം പി

ഇടത് എം പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനം തടഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് വിചിത്രമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നടപടി ധാര്‍ഷ്ട്യവും മൗഢ്യവുമെന്നും ജോണ്‍ ബ്രിട്ടാസ് എം പി.

നിയമപരമായി ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി ചോദിക്കുമ്പോൾ കുറ്റവാളികളോടെന്നപോലെയാണ് ലക്ഷദ്വീപ് ഭരണാധികാരികൾ പെരുമാറുന്നത്.കുറ്റപത്രത്തിന്റെ മോഡൽ ഉത്തരവ് ഇറക്കി ജനാധിപത്യത്തെ ദുർബലമാക്കുന്ന വിചിത്ര സമീപനമാണ് ലക്ഷദ്വീപ് ഭരണാധികാരികൾ ചെയ്യുന്നത്  എന്നും ജോൺ ബ്രിട്ടാസ് എം പി 

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാര്‍ നല്‍കിയ അപേക്ഷയാണ് ലക്ഷദ്വീപ് കളക്ടര്‍ നിരസിച്ചത്. എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ലക്ഷദ്വീപ് കളക്ടര്‍ ആരോപിച്ചു.

ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എം.പിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിര്‍ദേശവുമായി ലക്ഷദ്വീപ് ഭരണകൂടം രംഗത്തെത്തി. എം.പിമാരുടെ സന്ദര്‍ശനാനുമതി നിഷേധിച്ച് നല്‍കിയ മറുപടിയിലാണ് ഈ വിവാദനിബന്ധനയുള്ളത്.എം.പിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്‌പോണ്‍സര്‍ ഹാജരാക്കണം. അത് മജിസ്‌ട്രേറ്റോ നോട്ടറിയോ അറ്റസ്റ്റ് ചെയ്യണമെന്നുമാണ് നിബന്ധനയില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശം.

ലക്ഷദ്വീപ് പ്രശ്‌നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്ല, മറിച്ച് ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി മുൻ പ്രതികരിച്ചിരുന്നു . ” 1956-ലെ ഏഴാം ഭരണഘടന ഭേദഗതി പ്രകാരമാണ് കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വന്നത്. ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിര്‍ത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് കേന്ദ്രഭരണപ്രദേശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. ഇന്ന് ലക്ഷദ്വീപിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ തനിമ തകര്‍ക്കുന്ന നിലപാടുകളാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News