പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാന്‍ എത്രസമയം വേണം:​ നിങ്ങള്‍ക്കാവശ്യമായ സമയമെടുത്തല്ല നിയമിക്കേണ്ടതെന്ന് ട്വിറ്ററിനോട് ദില്ലി ഹൈക്കോടതി‍

വ്യാജവാർത്തകൾ പ്രചരിക്കുന്നതും മറ്റും തടയുന്നതിനായി പരാതി പരിഹാര ഉദ്യോഗസ്ഥനെ ഇനിയും നിയമിക്കാത്തതിൽ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഹൈക്കോടതി. രാജ്യത്ത് കൊണ്ടുവന്ന പുതിയ ഐടി നിയമ പ്രകാരം സമൂഹ മാധ്യമങ്ങൾ ഇന്ത്യക്കാരനായ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ആവശ്യപ്പെട്ടിട്ടും ഇതിൽ നിയമനം ഒന്നും നടത്താത്തതിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

നിങ്ങൾക്കാവശ്യമായ സമയമെടുത്തല്ല നിയമനം നടത്തേണ്ടതെന്ന് വിമർശിച്ച കോടതി, പദവിയിലേക്ക് നിയമനത്തിനായി എത്ര സമയം വേണമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽ നിയമനം പൂർത്തിയാക്കുമെന്നാണ് ട്വിറ്റർ ഇതിൽ മറുപടി നൽകിയിരിക്കുന്നത്.നിയമിച്ച പരാതിപരിഹാര ഉദ്യോഗസ്ഥൻ ജൂൺ 21ന് വിരമിച്ചെന്നും പകരം ഒരാളെ നിയമിക്കാനുള്ള പ്രക്രിയയിലാണെന്നുമാണ് ട്വിറ്റർ അറിയിച്ചത്.

ട്വിറ്ററിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഉപയോക്താവ് സമർപ്പിച്ച ഹര്‍ജിയിലാണ് കോടതി ഇത്തരത്തിൽ കുറ്റപ്പെടുത്തിയത്. അതേസമയം രാജ്യത്തെ പുതിയ ഐടി നിയമം പാലിക്കാൻ സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നെന്നും ഇത് പൂർത്തിയായി 41 ദിവസം പിന്നിട്ടിട്ടും ട്വിറ്റർ നിയമം പാലിക്കുന്നില്ലെന്നും കേന്ദ്ര സർക്കാരും കോടതിയിൽ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here