
വീട്ടില്‍ പക്ഷികളേയും പൂച്ചകളേയും പട്ടികളേയും ഒക്കെ വളര്‍ത്തുന്ന നിരവധി പെണ്‍കുട്ടികളെ നമുക്ക് അറിയാം. വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് ഇത്ര ചര്‍ച്ചയാക്കേണ്ട കാര്യവുമില്ല. എന്നാല്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ അഞ്ജന സുരേന്ദ്രന്‍ വീട്ടില്‍ വളര്‍ത്തുന്ന മൃഗം ഏതാണെന്നറിഞ്ഞാല്‍ ആദ്യം എല്ലാവരും ഒന്ന് നെറ്റിചുളിക്കും.
പെണ്‍കുട്ടികള്‍ ഇതിനെ വളര്‍ത്തുമോ എന്ന് ചോദിക്കുകയും ചെയ്യും. അങ്ങനെ വളര്‍ത്തുമെന്ന് അഭിമാനത്തോടെ കാണിച്ചുതരികയാണ് അഞ്ജന. മറ്റൊന്നുമല്ല, ഒരു പോത്തിനെയാണ് അഞ്ജന വീട്ടില്‍ വളര്‍ത്തുന്നത്. പൊതുവേ പശുവും എരുമയും പോത്തും കാളയുമൊക്കെ ആണുങ്ങള്‍ക്ക് മാത്രം വളര്‍ത്താന്‍ പറ്റുന്ന മൃഗങ്ങളാണെന്ന് തെറ്റായധാരണകൂടി പൊളിച്ചെഴുതുകയാണ് അഞ്ജന ഇവിടെ.
കൊവിഡ് കാലത്ത് അതിജീവനത്തിന് മാതൃകയാക്കുകയാണ് ചേര്‍ത്തല സ്വദേശിനി ആഞ്ജന എന്ന വിദ്യാര്‍ത്ഥിനി. കൊവിഡ് കാലത്ത് പഠനം മുടങ്ങി വീട് പട്ടിണിയിലാകും എന്ന് വന്നതോടെ മത്സ്യം വിറ്റും, കുട്ടികളെ പഠിപ്പിച്ചും, പോത്തിനെ വളര്‍ത്തിയും പെണ്‍കുട്ടികള്‍ക്ക് ഇങ്ങനയും ആകാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥിനി.
അപ്പു എന്നു പേരിട്ട് വിളിച്ച പോത്തിന്‍കുട്ടിയുമായുള്ള തന്റെ ആത്മബന്ധം വളരെ വലുതാണെന്ന് അഞ്ജനയുടെ ഓരോ വാക്കില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയും. ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്റെ കൈയില്‍ വന്നുചേര്‍ന്ന അപ്പു ഇപ്പോള്‍ വളര്‍ന്നു വലുതായെന്ന് അഭിമാനത്തോടെ അഞ്ജന പറയുന്നുണ്ട്.
വീട്ടില്‍ വളര്‍ത്തുന്ന പോത്തിനെയും പശുവിനെയും പരിപാലിച്ചാണ് അഞ്ജനയുടെ ഒരു ദിവസത്തിന്റെ തുടക്കം. എട്ടുമണിക്കു നഗരത്തിലുള്ള ഫിഷ് സ്റ്റാളില്‍ എത്തും. ഉച്ചയ്ക്കു രണ്ടുവരെ വീടുകളില്‍ മീനെത്തിക്കുന്ന ജോലി. രണ്ടുമണിക്കുശേഷം ഫിഷ് സ്റ്റാളിനോടു ചേര്‍ന്നുള്ള ചായവില്‍പ്പനശാലയുടെ കൗണ്ടര്‍ ചുമതല. ഇങ്ങനെയാണ് അഞ്ജനയുടെ ദിനചര്യ. ഇതിന്റെ ഇടയില്‍ മുടക്കം വരാതെ പഠിത്തവുമുണ്ട്.
മീന്‍ വില്‍പ്പനയിലേക്കു കടന്നിട്ട് മാസങ്ങളേ ആയുള്ളൂ. ഇതിനിടെ നാടന്‍പാട്ടുമുണ്ട്. കൊവിഡ് കാലത്തിനുമുന്‍പ് സ്റ്റേജ് ഷോകളില്‍ നാടന്‍പാട്ട് പാടാന്‍ അഞ്ജന പോകുമായിരുന്നു. ചന്തിരൂര്‍ മായയെന്ന നാടന്‍കലാരൂപ സംഘടനയിലെ പ്രധാനികളിലൊരാളാണ്. എട്ടുവര്‍ഷമായി വിവിധ സ്‌കൂളുകളില്‍ നാടന്‍പാട്ട് പഠിപ്പിക്കലും അഞ്ജനയും സംഘവും ഏറ്റെടുത്തിട്ടുണ്ട്.
കുരുത്തോലകൊണ്ടുള്ള രൂപങ്ങളൊരുക്കി വേദികള്‍ അലങ്കരിക്കാനുള്ള മികവുകാട്ടുന്ന അഞ്ജന അതും ഒരുവരുമാനമാര്‍ഗമാക്കാറുണ്ട്. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോഴാണു നാടകങ്ങളില്‍ മികവുകാട്ടിയത്. അമ്പലപ്പുഴ ഗവ. കോളേജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദംനേടിയ ശേഷമാണ് കായികാധ്യാപക കോഴ്സിലേക്കു തിരിഞ്ഞത്.
അപ്പുവിനെ കുറിച്ച് പറയുമ്പോള്‍ അഞ്ജനയ്ക്ക് നൂറ്‌നാവാണ്. നിന്നെ ഇത് കൊല്ലും പോത്ത് വെട്ടുക എന്ന് കേട്ടിട്ടുണ്ടോ? നീയതറിയുമ്പോള്‍ പഠിച്ചോളും എന്ന് ചിലര്‍ തന്നോട് പറയാറുണ്ട്. പക്ഷേ അവനിതുവരെ എന്നെ ഉപദ്രവിച്ചിട്ടില്ല. ഇനി മുന്നോട്ട് എങ്ങനെയെന്നുമറിയില്ല. കൊടുക്കുന്ന ഭക്ഷണത്തിനോടുള്ള നന്ദിയാവാം ഞാന്‍ വിളിച്ചാല്‍ അവന്‍ വിളി കേള്‍ക്കും. എനിക്കൊപ്പം എവിടേയും അനുസരണയോടു കൂടി വരുമെന്നും അഞ്ജന പറയുന്നു.
അഞ്ജനയുടെ വാക്കുകള്‍ ഇങ്ങനെ:
ഇത് വായിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും എന്നെ പരിഹസിക്കാനുള്ള ഒന്നാവാം ഇത്. പലരുടെയും കാഴ്ചയും കാഴ്ചപ്പാടും വ്യത്യസ്തമാണെന്ന തിരിച്ചറിവോടു കൂടിത്തന്നെ നിങ്ങളോടിത് ഞാന്‍ പങ്കുവയ്ക്കുന്നു. ചിലത് കുത്തിക്കുറിക്കാന്‍ ഇതിനോളം നല്ലൊരു ചിത്രം എന്റെ പക്കലില്ല.
പലരും പല തരത്തില്‍ നമ്മള്‍ക്ക് പ്രിയപ്പെട്ടവര്‍ ആകുമെങ്കിലും ഈ മിണ്ടാപ്രാണിയോളം എന്നെ സ്വാധീനിച്ച മറ്റൊരാളും ഇന്നില്ല. ആദ്യമായി ലോക്ഡൗണ്‍ വന്നപ്പോള്‍ വിരസത മാറ്റാനായി മറ്റൊരു തരത്തില്‍ ചിന്തിച്ചപ്പോള്‍ മറ്റേതൊരു മനുഷ്യനേയും പോലെ വളര്‍ത്തി വലുതാക്കി കൊടുക്കുമ്പോള്‍ കിട്ടുന്ന ലാഭം, അതിനുമപ്പുറം ഞാനുമൊന്നും ചിന്തിച്ചിരുന്നില്ല. അവനെ എനിക്ക് കിട്ടുമ്പോള്‍ ആകെ എല്ലും തോലും ആയിരുന്നു. ഒരു കുഞ്ഞിനെ നോക്കും പോലെ ഞാനവനെ വളര്‍ത്തി. അപ്പു എന്ന് വിളിപ്പേരും ഇട്ടു. വളരെ പെട്ടന്നവന്‍ ഇണങ്ങി. അവന്റെ മൂക്ക് കുത്തിയ ദിവസം അവനേക്കാളേറെ വേദന അനുഭവിച്ചത് ഞാനാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങുക എന്നല്ലാതെ മറ്റൊരു വഴിയില്ലാരുന്നു.
പോത്തിന് തൊഴുത്തു വേണ്ട വല്ല പറമ്പിലും കൊണ്ടേ കെട്ടിയാ മതി എന്നുള്ള ഉപദേശങ്ങള്‍ ഒക്കെ വന്നുകൊണ്ടേയിരുന്നു. പക്ഷേ, അപ്പൂന് തൊഴുത്ത് ഉണ്ടാരുന്നു. എല്ലാ ദിവസവും ഞാനവനെ കുളിപ്പിച്ച് പൊട്ട് തൊടീക്കും. ഈച്ചയും മറ്റ് പ്രാണികളുടേയും ഒക്കെ ശല്യം മാറാന്‍ ദിവസവും വേപ്പെണ്ണ തേയ്ക്കും. ശരീരം നന്നാവാന്‍ മീനെണ്ണയൊക്കെ അവന്റെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി. പിന്നീടങ്ങോട്ട് പുല്ല് ചെത്തലും തൊഴുത്ത് കഴുകലും ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറി.
ഇതിനിടയ്ക്ക് അപ്പു വളര്‍ന്നതോ അവന്റെ മാംസത്തിന് വില കൂടിയതോ ഞാനറിഞ്ഞില്ല. വിലയും പറഞ്ഞു പലരും വന്നു തുടങ്ങി. ഒരു പെണ്‍കുട്ടിക്ക് വളര്‍ത്താന്‍ പറ്റിയ മൃഗമല്ല പോത്തെന്നായി ചിലര്‍. നിന്നെ ഇത് കൊല്ലും പോത്ത് വെട്ടുക എന്ന് കേട്ടിട്ടുണ്ടോ? നീയതറിയുമ്പോള്‍ പഠിച്ചോളും എന്ന് മറ്റു ചിലര്‍. പക്ഷേ അവനിതുവരെ എന്നെ ഉപദ്രവിച്ചിട്ടില്ല. ഇനി മുന്നോട്ട് എങ്ങനെയെന്നുമറിയില്ല. കൊടുക്കുന്ന ഭക്ഷണത്തിനോടുള്ള നന്ദിയാവാം ഞാന്‍ വിളിച്ചാല്‍ അവന്‍ വിളി കേള്‍ക്കും. എനിക്കൊപ്പം എവിടേയും അനുസരണയോടു കൂടി വരും.
പ്രത്യക്ഷ്യത്തില്‍ ചിരിച്ചു കാണിച്ച് മറഞ്ഞുനിന്ന് നമ്മളെ പഴിചാരുന്ന ചില മനുഷ്യരേക്കാള്‍ എത്രയോ ഭേദമാണ് ഈ മിണ്ടാപ്രാണിയെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ചില വിചിത്ര മനുഷ്യജന്മങ്ങള്‍. സാമ്പത്തികമായി എത്ര ബുദ്ധിമുട്ട് വന്നാലും അവനിലേക്ക് എന്റെ കണ്ണ് ഉടക്കാറില്ല. പക്ഷേ ജനിച്ചാല്‍ ഒരിക്കല്‍ മരണം അത് മനുഷ്യനായാലും മൃഗമായാലും എന്നല്ലേ.
അവന്‍ ജീവിക്കണ അത്രേം നാള്‍ നല്ല ഭക്ഷണം കഴിച്ച് വൃത്തിയുള്ളിടത്ത് അന്തിയുറങ്ങി എന്റെ അപ്പുവായി ജീവിക്കട്ടേ. എന്റെ നിവര്‍ത്തികേടിലേക്ക് അറിയാതേ എങ്കിലും നിന്നേയും ചേര്‍ത്ത് വെച്ചല്ലോ എന്നൊരു സങ്കടം മാത്രം. നിന്റെ സ്നേഹത്തിന് മുന്നില്‍ ചേര്‍ത്ത് നിര്‍ത്തി ഒന്നു തലോടാനല്ലാതെ തള്ളി മാറ്റാന്‍ എനിക്ക് ആവുന്നില്ലല്ലോടാ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here