“രാധാകൃഷ്ണൻ നല്ലൊരു കൃഷിക്കാരനാണ് “മന്ത്രിയുടെ വീട്ടിൽ കണ്ട കാഴ്ചയുമായി തോമസ് ഐസക്

മന്ത്രി കെ രാധാകൃഷ്ണന് കൃഷി ഒരു ഹരമാണ്. മന്ത്രി മികച്ച കര്‍ഷകനാണെന്നത് മലയാളികള്‍ക്കറിയാം. കെ രാധാകൃഷ്ണനെക്കുറിച്ച് മുന്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക് എ‍ഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

കെ രാധാകൃഷ്ണന്‍റെ കൃഷി സ്ഥലം സന്ദര്‍ശിച്ചതിനെക്കുറിച്ചാണ് തോമസ് ഐസക് പങ്കു വച്ചിരിക്കുന്നത്.അടിയന്തരമായി പച്ചക്കറി തറവില നടപ്പിലാക്കാൻ മുൻകൈയെടുക്കണമെന്ന അഭിപ്രായവും തോമസ് ഐസക് പങ്കു വച്ചു.

“ചേലക്കര രാധാകൃഷ്ണന്റെ വീട്ടിൽ പോയപ്പോൾ ഒരുകാര്യം തീരുമാനിച്ചിരുന്നു. അയാളുടെ കൃഷിസ്ഥലമൊന്നു കണ്ടിട്ടുതന്നെ കാര്യം. കൃഷിയെയൊക്കെ പ്രോത്സാഹിപ്പിക്കാൻ ഞാനും മുന്നിലുണ്ടെങ്കിലും കൃഷിപ്പണി അറിയില്ല. കൃഷിക്കാരനല്ല. രാധാകൃഷ്ണൻ അതല്ല. കൃഷിപ്പണിക്കാരനാണ്. 

പാട്ടത്തിന് എടുത്ത പറമ്പിൽ വേല ചെയ്യുന്ന രാധാകൃഷ്ണന്റെയും കൂട്ടുകാരുടെയും ചിത്രങ്ങൾ വൈറലായതാണ്. വീടിനു തൊട്ടടുത്താണ് ഈ പറമ്പ് എന്നത് സന്ദർശനം എളുപ്പമാക്കി.

പക്ഷെ പെട്ടെന്നുണ്ടായ ലോക്ഡൗൺ കൃഷിയെ നഷ്ടത്തിലാക്കി. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഒരു ചെറുസംഘം സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തത്. മുഴുവൻ കപ്പയാണ് നട്ടത്. പക്ഷെ വിളവെടുത്തപ്പോഴേയ്ക്കും ലോക്ഡൗണായി. കിലോയ്ക്ക് 8 രൂപയ്ക്കു വിൽക്കേണ്ടി വന്നു. പുഴുങ്ങി വാട്ടക്കപ്പയാക്കി വിൽക്കാൻ നോക്കി. എന്നിട്ടും നഷ്ടം തന്നെ.

എനിക്ക് ഇതു മനസ്സിലാകുന്നില്ല. കപ്പയ്ക്ക് 12 രൂപ മിനിമം വില നിശ്ചയിച്ചതാണ്. വാങ്ങാൻ ആളില്ലെങ്കിൽ പ്രാദേശിക സഹകരണ സംഘങ്ങൾ വാങ്ങി വിൽക്കണം. സംഘത്തിനു നഷ്ടംവന്നാൽ അഞ്ചുലക്ഷം രൂപ വരെ പഞ്ചായത്തിൽ നിന്നും ലഭ്യമാക്കും. ഹോർട്ടികോർപ്പും സംഭരണരംഗത്തുണ്ട്. അവരുടെ നഷ്ടം സർക്കാർ നികത്തും. ചേലക്കരയിൽ എന്തു സംഭവിച്ചുവെന്നത് പുതിയ കൃഷി മന്ത്രി അന്വേഷിക്കണം. പച്ചക്കറിയുടെ തറവില സ്കീം നടപ്പാക്കുന്നതിനു മുൻഗണന നൽകിയാൽ കൃഷിക്കാർ സ്വയം പച്ചക്കറി നട്ടോളും.

കൃഷി നഷ്ടംവന്നു എന്നുള്ളതുകൊണ്ട് രാധാകൃഷ്ണനും കൂട്ടരും പിന്തിരിഞ്ഞിട്ടില്ല. ഇതാണ് യഥാർത്ഥ കൃഷിക്കാരുടെ സ്വഭാവം. കൃഷി ഒരു ഹരമാണ്. ചെയ്യാതിരിക്കാൻ വയ്യ. പക്ഷെ ഇത്തവണ മുഴുവൻ കപ്പ അല്ല. ചേനയുമുണ്ട്. കുറച്ചുഭാഗം മഞ്ഞളും. കപ്പയ്ക്കിടയിൽ കുറ്റിപ്പയറും വിതച്ചിട്ടുണ്ട്. സ്വന്തം ആവശ്യത്തിന് അയൽപക്കക്കാർക്ക് കുറ്റിപ്പയർ പറിക്കാം.

മന്ത്രി ആയതുകൊണ്ടാവാം മേൽനോട്ടം കുറച്ചു കുറഞ്ഞിട്ടുണ്ട്. കള അടിയന്തരമായി പറിക്കേണ്ട ആവശ്യകതയെക്കുറിച്ച് രാധാകൃഷ്ണൻ കൂട്ടുകാരോടു പറയുന്നുണ്ടായിരുന്നു. മന്ത്രിയുടെ മണ്ഡലവികസന പരിപാടിയിൽ പ്രധാനപ്പെട്ട ഒരിനം കൃഷിയാണല്ലോ. അടിയന്തരമായി പച്ചക്കറി തറവില നടപ്പിലാക്കാൻ മുൻകൈയെടുക്കണം.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here