തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം.എ, ബി വിഭാഗത്തിലുള്ള പ്രദേശത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും പ്രവര്‍ത്തനാനുമതി. വിനോദ സഞ്ചാര മേഖലകളില്‍ താമസ സൗകര്യങ്ങള്‍ അനുവദിക്കാനും തീരുമാനം.

ടി പി ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15 ന് മുകളില്‍ ടി പി ആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയില്‍ ആയിരിക്കും. നാളെ മുതല്‍ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി വിഭാഗത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയില്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.എ, ബി വിഭാഗങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തനാനുമതി നല്‍കി.

ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദിക്കില്ല. ടൂറിസം മന്ത്രാലത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു നല്‍കാനും തീരുമാനിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമാണ് പ്രവേശനം.

കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാല്‍ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കുവെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട്ടേ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക ഇടപെടലിന് നിര്‍ദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News