കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍: ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ താഴെ തട്ട് മുതല്‍ സംഘടനാതെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും പാര്‍ട്ടിയായി മാറുന്നതിലൂടെ ജനകീയ അടിത്തറ വിപുലീകരിക്കുക എന്ന ദൗത്യമാണ് കേരളാ കോണ്‍ഗ്രസ്സ് (എം) ന് ഏറ്റെടുക്കാനുള്ളത്. കാലാനുസൃതമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും, ഘടനയിലും അനിവാര്യമാണ്.

കൂടുതല്‍ കരുത്താര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തിനായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങളില്‍ ഘടനാപരമായ മാറ്റമുണ്ടാകണം. കേരളത്തിന്റെ എല്ലാ സാമൂഹ്യമേഖലകളിലും വിപുലമായ വളര്‍ച്ച കൈവരിക്കുന്നതിനായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്തും.

സംഘടനാ തെരെഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള പാര്‍ട്ടി അംഗത്വത്തിനൊപ്പം കേരളാ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കായി KCM Community Members എന്ന നിലയില്‍ പുതിയ മെമ്പര്‍ഷിപ്പ് സംവിധാനം ആരംഭിക്കുന്നതിനുള്ള നിര്‍ദേശവും സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഉയര്‍ന്നു.

ഓണ്‍ലൈനായും ഈ മെമ്പര്‍ഷിപ്പ് സൗകര്യം ലഭ്യമാകും എന്നതിനാല്‍ കേരളാ കോണ്‍ഗ്രസ്സ് അനുഭാവികളായ പ്രവാസികള്‍ക്കും സംഘടനാ സംവിധാനത്തിന്റെ ഭാഗമാകുവാന്‍ കഴിയും. സംഘടനാ തെരെഞ്ഞെടുപ്പിന്റെ തിയതി നിശ്ചയിക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ക്കായി സംസ്ഥാന കമ്മറ്റിയോഗം ഉടന്‍ ചേരും.

എല്ലാ പോഷകസംഘടനകളുടെയും പ്രവര്‍ത്തനനം കൂടുതല്‍ ചലനാത്മകമാക്കുവാന്‍ സ്റ്റിയറിംഗ് കമ്മറ്റി തീരുമാനമെടുത്തു. വിവിധ പോഷകസംഘടനകള്‍ അടിയന്തിരമായി പുനസംഘടിപ്പിക്കുന്നതിനായി സംസ്ഥാന ഭാരവാഹികള്‍ക്ക് ചുമതല നിശ്ചയിച്ചു.

പൂര്‍ണ്ണമായും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ സംഘടനാ രീതികള്‍ ശക്തമാക്കുന്നതിനും, രാഷ്ട്രീയവും സംഘടനാപരവുമായ അച്ചടക്കം മികവുറ്റതാക്കുന്നതിനും സംസ്ഥാനതലത്തില്‍ ഒരു അച്ചടക്ക സമിതിക്ക് രൂപം നല്‍കും.ഇതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന കമ്മറ്റിയോഗം ചര്‍ച്ചചെയ്യും.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഉജ്വലമായ വിജയത്തിന് നിര്‍ണ്ണായകമായ സംഭാവനയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നല്‍കിയതെന്ന് സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി.

കോണ്‍ഗ്രസ്സിന്റെയും, യു.ഡി.എഫിന്റെയും തകര്‍ച്ചയെത്തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരാണ് കേരളത്തിന്റെ 14 ജില്ലകളിലും കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ഭാഗമാകുന്നത്. കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം എന്ന പുതിയ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഇതിനായി പാര്‍ട്ടിയെ പൂര്‍ണ്ണമായും സജ്ജമാക്കുന്നതിനാവശ്യമായ സംഘടനാതീരുമാനങ്ങളാണ് സ്റ്റിയറിംഗ് കമ്മറ്റിയില്‍ ഉണ്ടായത്.

ആദിവാസികള്‍ക്കും, സാധരണകാര്‍ക്കുംവേണ്ടി പോരാടിയെ ഫാ. സ്റ്റാന്‍ സ്വാമിയെ ചികിത്സപോലും നിഷേധിച്ച് മരണത്തിന് വിട്ടുകൊടുത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ജനാധിപത്യ രാജ്യം എന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ ഭരണകൂടം കാട്ടിയ ഈ അനീതി പ്രതിഷേധാര്‍ഹമാണ്.

എല്‍.ഡി.എഫ് സര്‍ക്കാരും, യു.ഡി.എഫ് സര്‍ക്കാരും നടത്തിയ രണ്ട് അന്വേഷണത്തിലും മാണി സാര്‍ ഒരു തരത്തിലും തെറ്റുകാരനല്ല എന്ന് കണ്ടെത്തുകയും, ബഹുമാനപ്പെട്ട ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ഒരിടത്തും മാണിസാറിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.

മാണി സാര്‍ കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ ശ്രീ. എ. വിജയരാഘവന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിംകോടതിയില്‍ നടന്ന വാദത്തിന്റെ വിശദാംശങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. മാണി സാറിന്റെ പേര് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം വിലപോവില്ല.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ക്ക് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ സ്വീകരണം നല്‍കി.

ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്, പി.എം മാത്യു എക്‌സ്.എം.എല്‍എ, പ്രൊഫ. വി.ജെ ജോസഫ്, എലിസബെത്ത് മാമ്മന്‍ മത്തായി, പി.കെ സജീവ്, പി.ടി ജോസ്, ജേക്കബ് തോമസ് അരികുപുറം, അലക്‌സ് കോഴിമല, വി.ടി ജോസഫ്, ബെന്നി കക്കാട്, ബാബു ജോസഫ്, മുഹമ്മദ് ഇഖ്ബാൽ,ജോസ് ടോം, ലോപ്പസ് മാത്യു, സണ്ണി തെക്കേടം, വിജി എം. തോമസ്, സക്കറിയാസ് കുതിരവേലി, കെ.ജെ ദേവസ്യ, ജോയി കൊന്നക്കന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ഉഷാലയം ശിവരാജന്‍, ജോണി പുല്ലന്താനി, ടി.എം ജോസഫ്, എന്‍.എം രാജു, കുശലകുമാര്‍, ജോസ് പാലത്തിനാല്‍, വി.സി ഫ്രാന്‍സിസ്, വഴുതാനത്ത് ബാലചന്ദ്രന്‍, സഹായദാസ് നാടാര്‍, നിര്‍മ്മല ജിമ്മി, ജോസ് പുത്തന്‍കാലാ, സാജന്‍ തൊടുക, റെജി കുന്നംകോട്, അബേഷ് അലോഷ്യസ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here