കണ്ണൂരില്‍ അപൂർവ്വ രോഗബാധിതനായ ഒന്നര വയസ്സുകാരന് മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് എളമരം കരീം എംപിയുടെ കത്ത് 

കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമദിന്റെ ചികിൽസയ്‌ക്ക്‌ ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ എളമരം കരീം എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ചു.

സോൾജെൻസ്‌മ മരുന്നിന്‌ ഏകദേശം 18 കോടി രൂപയാണ്‌ വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്‌ടിയും ചേരുമ്പോൾ നികുതിയിനത്തിൽ മാത്രം ആറര കോടി രൂപ ചെലവുവരും.

മഹാരാഷ്ട്രയിൽ തീര എന്ന കുട്ടിക്ക്‌ സൊൾജെൻസ്‌മ മരുന്നിനുള്ള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ഇടപെട്ട്‌ ഒഴിവാക്കിയിരുന്നു. സമാനമായ ഇടപെടൽ മുഹമദിന്‍റെ കാര്യത്തിലുമുണ്ടാകണം.

മസിൽ ശോഷണത്തിന്‌ വഴിവെയ്‌ക്കുന്ന സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന ജനിതക രോഗമാണ്‌ മുഹമദിന്‌. കല്യാശേരി മണ്ഡലം എംഎൽഎ വിജിന്റെയും മാട്ടൂൽ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ കമ്മിറ്റിയുടെ പ്രവർത്തന ഫലമായി മരുന്നിന്‌ ആവശ്യമായ 18 കോടി രൂപ കൂട്ടായ ശ്രമത്തിലൂടെ ഒരാഴ്‌ച കൊണ്ട്‌ സമാഹരിക്കാൻ കഴിഞ്ഞിരുന്നു.

മരുന്ന്‌ എത്രയും വേഗം എത്തിക്കുന്നതിന്‌ സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും ശ്രമം നടത്തി വരികയാണ്‌. കേന്ദ്രം ഇടപെട്ട്‌ നികുതി കൂടി ഒഴിവാക്കണം. ഇതിനാവശ്യമായ നിർദേശം ബന്ധപ്പെട്ടവർക്ക്‌ താങ്കൾ നൽകണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News