കുഴല്‍പണക്കേസില്‍ ചോദ്യം ചെയ്യലിന് കെ സുരേന്ദ്രന്‍ ഹാജരാകും; തീരുമാനം ബിജെപി കോര്‍ കമ്മറ്റിയുടേത്

കു‍ഴൽപണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഇന്ന് ചേർന്ന കോർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ തീരുമാനിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനും കമ്മിറ്റിയിൽ ധാരണയായി.

കുടകര കു‍ഴൽപണക്കേസിൽ ആരോപണ വിധേയനായ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനമാണ് ഇന്ന് ചേർന്ന കോർകമ്മിറ്റിയിൽ ഉണ്ടായത്. അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് പോകാതിരുന്ന സുരേന്ദ്രൻ എന്തോ ഭയക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം മുന്നോട്ട് വച്ചത്. എന്നാൽ തനിക്ക്ഭയക്കാനൊന്നുമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.

ചർച്ചകൾക്കൊടുവിൽ അന്വേഷണ സംഘത്തിന് മുന്നിൽ സംസ്ഥാന അദ്ധ്യക്ഷൻ  ഹാജരാകാൻ കോർകമ്മിറ്റിയിൽ അഭിപ്രായമുയർന്നു. തുടർന്ന് കു‍ഴൽപണക്കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ കെ സുരേന്ദ്രൻ ഹാജരാകാൻ തീരുമാനിച്ചു. വീണ്ടും നോട്ടീസ് കിട്ടുന്ന മുറക്കായിരിക്കും ഹാജരാകുന്നത്.

കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനും കോർ കമ്മിറ്റിയിൽ ധാരണയായി. കൃത്യമായി പറഞ്ഞാൽ കൃഷ്ണദാസ് ശോഭാ പക്ഷത്തിന്‍റെ വിമർശനത്തിന് മുന്നിൽ സുരേന്ദ്രൻ മുട്ടു മടക്കുകയായിരുന്നു.തിരഞ്ഞെടുപ്പ്പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജി വെക്കണമെന്നും കമ്മിറ്റിയിൽ ആവശ്യമുയർന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തോൽവി പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.നാല് ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡൻറ് എ എൻ രാധാകൃഷ്ണനും ഉൾപ്പെടുന്നതാണ് സമിതി. ഈ മാസം 30നകം പഠിച്ച് റിപ്പോർട്ട് നൽകണം ജില്ലാ ,മണ്ഡലം , ശക്തി കേന്ദ്ര  നേതാക്കളിൽ നിന്ന് പരാതി കേൾക്കുവാനും കോർകമ്മിറ്റി യോഗത്തിൽ തീരുമാനമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here