18 കോടി രൂപയുടെ മരുന്നിനുള്ള നികുതി ഒഴിവാക്കണം: ശിവദാസൻ എം പി പ്രധാനമന്ത്രിക്ക്‌ കത്ത്‌ നൽകി

അപൂർവ്വരോഗം പിടിപെട്ട കുഞ്ഞിന്‌ വേണ്ടി ഇറക്കുമതി ചെയ്യുന്ന 18 കോടി രൂപയുടെ മരുന്നിന്‌ നികുതി ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട്‌ വി ശിവദാസൻ എം പി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്ത്‌ നൽകി.നികുതികൾ ഒഴിവാക്കി എത്രയും വേഗത്തിൽ മരുന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ശരീരത്തിന്റെ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവ്വ രോഗം പിടിപെട്ട കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താൻ നാടാകെ കൈകോർത്തിരുന്നു.കല്യാശേരി മണ്ഡലം എംഎൽഎ വിജിന്റെയും മാട്ടൂൽ പഞ്ചായത്ത് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയുടെ പ്രവർത്തന ഫലമായി ഒട്ടേറെ ഉദാരമതികളുടെ സഹായത്തോടെയാണ്‌ മരുന്നിന്‌ ആവശ്യമായ 18 കോടി രൂപ ഒരാഴ്‌ച കൊണ്ട്‌ സമാഹരിക്കാനായത്‌.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് എന്നറിയപ്പെടുന്ന സോൾജെൻസ്‌മ എന്ന ഈ ഇഞ്ചക്ഷൻ എത്രയും വേഗം ഇറക്കുമതി ചെയ്ത് മുഹമ്മദിനെ സുഖപ്പെടുത്താനാവശ്യമായ തീവ്ര ശ്രമത്തിലാണ് കേരള സർക്കാരും ആശുപത്രിയും.

ഈ ജീവൻ രക്ഷാ മരുന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഇറക്കുമതി തീരുവയും ജിഎസ്‌ടിയും അടക്കം നികുതിയിനത്തിൽ മാത്രം ഏകദേശം ആറര കോടി രൂപയോളം ചെലവുവരും. ഈ നികുതികൾ ഒഴിവാക്കിതരണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

സമാനമായ രീതിയിൽ മഹാരാഷ്ട്രയിലെ തീര എന്ന കുട്ടിക്ക്‌ സൊൾജെൻസ്‌മ മരുന്നിനുമേലുള്ള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതേ നിലപാട് മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണം എന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും ശിവദാസൻ എം പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News