യൂറോ കപ്പ് ഫുട്‌ബോള്‍; ഇറ്റലി ഫൈനലില്‍

ഇറ്റലി യൂറോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ സ്‌പെയിനിനെ 4-2ന് തോല്‍പിച്ചാണ് അസൂറിപ്പടയുടെ ഫൈനല്‍ പ്രവേശം. ഞായറാഴ്ച രാത്രി 12:30 ന് വെംബ്ലി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

ആവേശം അലകടലായി പെയ്തിറങ്ങിയ വെംബ്ലിയിലെ സെമി ത്രില്ലറില്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ഡോണരുമ്മയായിരുന്നു അസൂറിപ്പടയുടെ വിജയനായകന്‍. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ?ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക്.

ലോക്കാടെല്ലി എടുത്ത ആദ്യ കിക്ക് തടുത്ത് ഗോളി ഉനായ് സിമോണ്‍ സ്‌പെയിനിന് നേരിയ മുന്‍തൂക്കം നല്‍കിയെങ്കിലും ഓല്‍മോ കിക്ക് പുറത്തേക്കടിച്ചതോടെ ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ .ഇറ്റലിക്ക് വേണ്ടി ബെലോട്ടിയും ബൊനൂച്ചിയും ബെര്‍ണാഡെഷിയും കിക്ക് വലയിലെത്തിച്ചപ്പോള്‍ സ്‌പെയിന്‍ നിരയില്‍ മൊറേനോ, അല്‍കാന്‍ട്ര എന്നിവരുടെ കിക്കുകള്‍ ലക്ഷ്യത്തിലെത്തി. തൊട്ടുപിന്നാലെ ആല്‍വാരോ മൊറാട്ടയെടുത്ത കിക്ക് രക്ഷപ്പെടുത്തി ഡോണരുമ്മയുടെ വിസ്മയ പ്രകടനം.

ജോര്‍ജീന്യോ കിക്ക് വലയിലെത്തിച്ചതോടെ 4-2ന്റെ ത്രസിപ്പിക്കുന്ന വിജയവുമായി കില്ലീനിയുടെ അസൂറിപ്പട ഫൈനലില്‍. നിശ്ചിത സമയത്ത് ഇറ്റലിക്ക് വേണ്ടി ഫെഡറിക്കോ കിയേസയും സ്‌പെയിനിന് വേണ്ടി ആല്‍വാരോ മൊറാട്ടയുമായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ തുടര്‍ച്ചയായി 33 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറാന്‍ ഇറ്റലിയ്ക്ക് സാധിച്ചു.

പരിശീലകന്‍ റോബര്‍ട്ടോ മാന്‍ചീനിയുടെ കീഴില്‍ അത്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി യൂറോ കപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും തോറ്റിട്ടില്ല. 1968 ന് ശേഷമുള്ള യൂറോ കിരീടം നേടിയെടുക്കാന്‍ ഇറ്റലിയ്ക്ക് ഇനി ഒരു വിജയം കൂടി മതി. ഞായറാഴ്ച രാത്രി 12:30 ന് വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമി ഫൈനലിലെ വിജയിയാണ് ഇറ്റലിയുടെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here