മികവുപുലർത്തി പൊതുവിദ്യാലയങ്ങൾ: എറണാകുളം ജില്ലയില്‍ പുതിയതായി പ്രവേശനം നേടിയത് 266,988 കുട്ടികൾ

സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ എറണാകുളം ജില്ലയിൽ പുതിയതായി സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളെ ആശ്രയിച്ചത് 266,988 കുട്ടികൾ. കഴിഞ്ഞവർഷം 261,976 കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിൽ അഡ്മിഷൻ എടുത്ത സമയത്താണ് ഈ വർഷം അയ്യായിരത്തിലധികം കുട്ടികൾ പുതിയതായി സർക്കാർ വിദ്യാലയങ്ങൾ തിരഞ്ഞെടുത്തത്.

ജൂൺ മാസം അവസാനം വരെയുള്ള കണക്കു പ്രകാരം 21150 കുട്ടികളാണ് ഈ വർഷം പുതുതായി ഒന്നാം ക്ലാസിലേക്ക് മാത്രം പ്രവേശനം നേടിയത്. കഴിഞ്ഞവർഷം ഈ സയ 20418 കുട്ടികളാണ് പ്രവേശനം നേടിയത്. ജില്ലയിൽ സെന്‍റ് തേരേസാസ് സിജിഎൽപിഎസ് വിദ്യാലയത്തിലാണ് ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത്. 291 വിദ്യാർഥികൾ.

എന്നാൽ ഒമ്പതാം ക്ലാസിൽ ഈ വർഷം 467 വിദ്യാർത്ഥികൾ കുറവുണ്ടായപ്പോൾ 2, 7 ക്ലാസുകളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പുതിയതായി ചേർന്നു.
രണ്ടാംക്ലാസിൽ 1087 കുട്ടികളാണ‌് അധികമായി എത്തിയത‌്‌. മൂന്നിൽ 98, നാലിൽ 453, അഞ്ചിൽ 687, ആറിൽ 354, ഏഴിൽ 1174, എട്ടിൽ 959, പത്തിൽ 469 കുട്ടികളും പുതുതായി പ്രവേശനം നേടി.

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയത് ബദലഹേം ജിഎച്ച്എസ്എസ് ഞാറള്ളൂർ വിദ്യാലയത്തിലാണ്. 2585 വിദ്യാർത്ഥികൾ. സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ വിദ്യാലയത്തിൽ 2308 വിദ്യാർഥികളും പ്രവേശനം നേടി.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ‌്, ഹലോ വേൾഡ്, സുരുലി ഹിന്ദി, ശാസ‌്ത്രപഥം, ഗണിത വിജയം തുടങ്ങിയ പദ്ധതികൾ കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ മികച്ചതാക്കാൻ അവസരം ലഭിച്ചതോടൊപ്പം കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ബി അലക്സാണ്ടർ പറഞ്ഞു.

കൺസ്ട്രക്ടീവ് പാഠ്യപദ്ധതിയാണ് നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭൗതിക സാഹചര്യങ്ങളിൽ വന്ന കുതിച്ചുചാട്ടം അക്കാദമിക മേഖലയിലും പ്രകടമായിട്ടുണ്ട്. 5500 ലധികം വിദ്യാർഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളെ ആശ്രയിച്ചത്. പാഠപുസ്തകങ്ങൾ യൂണിഫോം എന്നിവ കുട്ടികൾക്ക് കൃത്യമായി വിതരണം ചെയ്യാൻ ഈ വർഷവും സാധിച്ചിട്ടുണ്ട്.

100% കുട്ടികൾക്കും ഓൺലൈൻ ക്ലാസ് ലഭ്യമാക്കുന്നതിനുള്ള അവസരവും ഉറപ്പാക്കിയിട്ടുണ്ട്. കോതമംഗലം പോലുള്ള പ്രദേശങ്ങളിൽ കുട്ടികൾക്ക് പഠനം ഉറപ്പാക്കുന്നതിനായി 51 പൊതു പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം പരിഹരിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പിൽ 7500 ഉപകരണങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ വീട് ഒരു വിദ്യാലയം എന്ന ആശയത്തിൽ ഉറച്ച് മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് ഹണി അലക്സാണ്ടർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here