കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 43 പേരുടെ പട്ടികയില്‍ 11 പേര്‍ക്ക് ക്യാബിനറ്റ് പദവി

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയില്‍ 11 പേര്‍ക്ക് ക്യാബിനറ്റ് പദവി. രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും ഹര്‍ഷ് വര്‍ധനും അടക്കം പ്രമുഖരെ പുറത്താക്കിയപ്പോള്‍ 11 വനിതകളെയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ആദ്യ പുനഃസംഘടന.

മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ശിവസേനാ നേതാവുമായ എ നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് കാബിനറ്റ് പദവി ലഭിച്ചു. സര്‍ബാനന്ദ സോനോവാളാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. അസമിലെ മുന്‍ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മധ്യപ്രദേശില്‍ നിന്ന് ഏഴാം തവണയും ലോക്‌സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാറാണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി നാലാമത് സത്യപ്രതിജ്ഞ ചെയ്തത്.

ജനതാദള്‍ യു നേതാവും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ ആര്‍ പി സി സിങ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി അഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. ഒഡിഷയില്‍ നിന്നുള്ള രാജ്യസഭാംഗവും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവാണ് കാബിനറ്റ് പദവി ലഭിച്ച ആറാമന്‍. എല്‍ ജെ പി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാര്‍ പരസാണ് കാബിനറ്റ് മന്ത്രിയായ ഏഴാമന്‍. ഇദ്ദേഹം ബിഹാറിലെ ജനസ്വാധീനമുള്ള നേതാവാണ്. ഇദ്ദേഹത്തെ മന്ത്രിയാക്കുന്നതിനെതിരെ ചിരാഗ് പാസ്വാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മന്ത്രിയാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയില്ല.

നിലവില്‍ കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കിരണ്‍ റിജിജുവിന് കാബിനറ്റ് റാങ്കുള്ള മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടി. ഇദ്ദേഹമാണ് എട്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ നൈപുണ്യ വികസന സഹമന്ത്രിയായ ബിഹാറില്‍ നിന്നുള്ള ലോക്‌സഭാംഗം രാജ്കുമാര്‍ സിങിനും കാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റം കിട്ടി. ഇദ്ദേഹവും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുകയാണ്.

43 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 11 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും. നിയുക്ത മന്ത്രിമാര്‍ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാര്‍ക്ക് നാളെ രാഷ്ട്രപതി ഭവനില്‍ ചായ സത്കാരം ഉണ്ടാകും. പട്ടികയില്‍ വലിയ പ്രാധാന്യം ഉത്തര്‍പ്രദേശിനും ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ലഭിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കും. ഗുജറാത്തിലും അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ സ്വാധീനം ശക്തിപ്പെടുത്തുകയും ബിഹാറില്‍ സഖ്യം നിലനിര്‍ത്തുകയും ലക്ഷ്യമാണ്. സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മന്ത്രിസഭയില്‍ നിന്ന് രവിശങ്കര്‍ പ്രസാദിനും പ്രകാശ് ജാവദേക്കറിനും പുറത്തേക്കുള്ള വഴിയായതെന്നാണ് കരുതുന്നത്.

രണ്ടാം മോദി സര്‍ക്കാരില്‍ ഇത്രയും വലിയ പുനസംഘടന നടക്കാന്‍ കാരണം ബംഗാളിലെ തെരഞ്ഞെടുപ്പ് തോല്‍വിയും കൊവിഡ് നേരിടുന്നതില്‍ ഏറ്റ തിരിച്ചടിയുമാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ മന്ത്രിസഭയിലെ പ്രകടനവും കഴിവും പുനസംഘടനയ്ക്ക് മാനദണ്ഡമായെന്നും കരുതപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി ഇന്ന് നിയുക്ത മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രകടനം നിരന്തരം വിലയിരുത്തപ്പെടുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനും പുറത്തേക്കുള്ള വഴി തെളിച്ചത് ഇക്കാരണമാണെന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News