
പാലക്കാട് തൃത്താല കറുകപുത്തൂരിൽ മയക്കുമരുന്നിനടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പ് കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി പീഢനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
തൃത്താല കറുകപ്പുത്തൂർ സ്വദേശിയായ പതിനെട്ട് വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കറുകപ്പുത്തൂർ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫൽ എന്ന പുലി, മേഴത്തൂർ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുൽ, തൗസീഫ് എന്നിവർക്കും കണ്ടാലറിയുന്ന മറ്റുള്ളവർക്കുമെതിരെയുമാണ് പരാതി.
പരാതിയിൽ പറയുന്നതിങ്ങനെ….പെൺകുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുമ്പോൾ കുടുംബ സുഹൃത്തായ മുഹമ്മദും സുഹൃത്ത് നൗഫലും പെൺകുട്ടിയെ നഗ്ന ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. വീട്ടിൽ ഒളി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും തങ്ങൾക്ക് വഴങ്ങണമെന്നുമായിരുന്നു ആവശ്യം.
ഭീഷണിപ്പെടുത്തി പെൺകുട്ടിക്ക് കഞ്ചാവും , കൊക്കൈയ്ൻ, എം ഡി എം എ ഉൾപ്പെടെയുള്ള മയക്കുമരുന്നും നൽകി. കോളേജിലുൾപ്പെടെയെത്തി ഇവർ ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടിക്ക് പ്ലസ് ടു പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
ഇതിനിടെ ഇവരുടെ സുഹൃത്തായ അഭിലാഷ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധമുണ്ടാക്കി. ജോലി വാഗ്ദാനം നൽകി എറണാകുളത്തേക്ക് പോവാനെന്ന വ്യാജേന പട്ടാമ്പിയിലെ ലോഡ്ജിലെത്തിച്ചും സ്വന്തം വീട്ടിലുൾപ്പെടെയെത്തിച്ചും നിരവധി തവണ അഭിലാഷ് ലൈംഗികമായി പീഡിപ്പിച്ചു.
അഭിലാഷും സുഹൃത്തുക്കളായ ഷാഹുലും തൗസീഫും ചേർന്ന് പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോവുകയും ലഹരി വസ്തുക്കൾ തുടർച്ചയായി നൽകുകയും ചെയ്തത്. ഇതിനിടെ അഭിലാഷിനൊപ്പം പല തവണ പെൺകുട്ടിയെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.
മൊബൈൽ ഫോണിൽ നിന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഫോട്ടോയുൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചു. തുടർച്ചയായ ലഹരി ഉപയോഗത്തെ തുടർന്ന് മാനസിക പ്രശ്നമുളള പെൺകുട്ടി നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഷൊർണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മാതാവിന്റെയും മൊഴി രേഖപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here