ഫസല്‍ വധക്കേസില്‍ തുടരന്വേഷണം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സി പി ഐ എം

ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സി പി ഐ എം ഫസല്‍ വധക്കേസ് സി പി ഐ എമ്മിനെതിരെ തിരിച്ചുവിട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശരിയായ അന്വേഷണത്തിലുടെ യഥാര്‍ത്ഥ പ്രതികളായ ആര്‍ എസ് എസ്സുകാരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും എം വി ജയരാജന്‍ പ്രതികരിച്ചു. യഥാര്‍ത്ഥ പ്രതികള്‍ ആര്‍ എസ് എസ്സുകാരാണ് എന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ഫസലിന്റ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

സഹോദരനെ കൊലപ്പെടുത്തിയ യഥാര്‍ത്ഥ പ്രതികള്‍ പുറത്ത് വിലസി നടക്കുകയും നിരപരാധികള്‍ വേട്ടയാടപ്പെടുകയും ചെയ്യപ്പെട്ടപ്പോഴാണ് നീതി തേടി ഫസലിന്റെ സഹോദരന്‍മാര്‍ കോടതിയെ സമീപിച്ചത്. പൊലീസും സി ബി ഐയും നടത്തിയ അന്വേഷണം യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണെന്നും പറയാത്ത കാര്യങ്ങളാണ് തന്റെ മൊഴിയായി സി ബി ഐ രേഖപ്പെടുത്തിയെന്നും ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. കാരായി രാജനും ചന്ദ്രശേഖരനും ഉള്‍പ്പെടെ നിലവില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ നിരപരാധികളാണ്. താന്‍ ഉള്‍പ്പെട്ട സംഘമാണ് കൊല നടത്തിയതെന്ന് സമ്മതിച്ച ആര്‍ എസ് എസ്സുകാരന്‍ കുപ്പി സുബീഷിനെയും കൂട്ടാളികളെയും അകത്താക്കാന്‍ തന്റെ കൈവശമുള്ള കൂടുതല്‍ തെളിവുകള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്ത സി പി ഐ എം നേതാക്കള്‍ പുതിയ അന്വേഷണ സംഘം യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രതികരിച്ചു. സി ബി ഐ രാഷ്ടിയ കളിപ്പാവയാകാതെ സത്യസന്ധമായി അന്വേഷണം നടത്തണമെന്ന് എം വി ജയരാജന്‍ പറഞ്ഞു.

വൈകി കിട്ടിയ നീതിയാണ് ഹൈക്കോടതി വിധിയെന്നും നാട് കടത്തപ്പെട്ട് കഴിയുന്ന കാരായി രാജനും ചന്ദ്രശേഖരനും വൈകാതെ സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജന്‍ പ്രതികരിച്ചു. രാഷ്ടീയ താല്‍പ്പര്യത്തോടെ കേസ് അട്ടിമറിച്ച സി ബി ഐക്ക് ഏറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും സി പി ഐ എം നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News