കേന്ദ്രീയവിദ്യാലയത്തിന്റെ കെട്ടിടം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക്

മുളങ്കാടകത്ത് കൊല്ലം വെസ്റ്റ് ഗവ. എച്ച് എസ് എസ് കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രീയവിദ്യാലയം കെട്ടിടം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ ആവശ്യപ്രകാരം ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

കേന്ദ്രീയ വിദ്യാലയം മറ്റൊരു ക്യാമ്പസിലേക്ക് മാറ്റിയ സാഹചര്യത്തില്‍ കേന്ദ്രീയ വിദ്യാലയം ഉപയോഗിച്ചിരുന്ന ക്ലാസ്സ്മുറികള്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റുന്നവെന്ന് ഉത്തരവില്‍ പറയുന്നു.

സ്‌കൂളിലെ ആകെ 5783 ചതുരശ്രയടി സ്ഥലസൗകര്യം യൂണിവേഴ്സിറ്റിയ്ക്ക് ലഭിക്കും. കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്ന ബ്ലോക്ക് രണ്ടില്‍ 1822 ചതുരശ്രയടി വിസ്തീര്‍ണത്തോടെ ഒഴിഞ്ഞു കിടക്കുന്ന നാല് ക്ലാസ് മുറികള്‍, ബ്ലോക്ക് നാലില്‍ മുകളിലത്തെ മുറിയിലെ 1584 ചതുരശ്രയടി വരുന്ന സെമിനാര്‍ ഹാള്‍, സ്‌കൂള്‍ കാമ്പസിന്റെ മധ്യഭാഗത്തായി പടിഞ്ഞാറുദിശയില്‍ എല്‍ പി ബ്ലോക്കിനോട് ചേര്‍ന്ന് കിടക്കുന്ന 2387 ചതുരശ്രയടി വരുന്ന എല്‍ പി സ്‌കൂള്‍ കെട്ടിടം എന്നിവ ഇതിലുള്‍പ്പെടുന്നു.

കെട്ടിടം യൂണിവേഴ്സിറ്റിക്ക് താല്‍ക്കാലികമായി വിട്ടുനല്‍കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം സ്‌കൂളിന്റെ ഭൗതിക അക്കാദമിക അന്തരീക്ഷത്തെ ബാധിക്കില്ല. വിട്ടുനല്‍കുന്ന സ്ഥലസൗകര്യങ്ങളുടെ ഉടമസ്ഥാവകാശം പൊതുവിദ്യാഭ്യാസ വകുപ്പിനായിരിക്കും. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും അക്കാദമിക് ബ്ലോക്കും ഉള്ളതില്‍ അക്കാദമിക് ബ്ലോക്കാകും കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News