ഉത്രാ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ഉത്ര വധക്കേസെന്നും സാഹചര്യങ്ങള്‍ ഒരു ചങ്ങലപോലെ പ്രതിയുടെ കുറ്റകൃത്യത്തെ കാട്ടുന്നതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം മനോജ് മുമ്പാകെ ബോധിപ്പിച്ച് പ്രോസിക്യൂഷന്‍ ഭാഗം വാദം പൂര്‍ത്തിയാക്കി.

ഉത്രയെ അണലി കടിക്കുന്നതിന് മുമ്പ് പത്ത് തവണ അണലിയെക്കുറിച്ചും, മൂര്‍ഖന്‍ കടിക്കുന്നതിന് മുമ്പ് അഞ്ച് തവണ മൂര്‍ഖന്‍ പാമ്പിനെ കുറിച്ചും പ്രതി സൂരജ് ഇന്റര്‍നെറ്റില്‍ പരതി. ഉത്രയെ അണലി കടിച്ച അന്ന് രാത്രി 10.30ന് അണലിയെ കുറിച്ച് നെറ്റില്‍ തിരഞ്ഞു. അണലി കടിയേറ്റ് ആശുപത്രിയില്‍ കിടന്നതിന് പിറ്റേദിവസമായ 2020 മാര്‍ച്ച് നാല് മുതല്‍ മൂര്‍ഖനെ തിരഞ്ഞു. മാര്‍ച്ച് 10ന് മൂര്‍ഖന്റെ വിഷം എടുക്കുന്ന രീതി സൂരജ് നെറ്റില്‍ നാല് തവണ കണ്ടിരുന്നു. കൈകൊണ്ട് പാമ്പിന്റെ തലയില്‍ ബലമായി അമര്‍ത്തി വിഷമെടുക്കുന്ന രീതി തന്നെയാണ് സൂരജ് അവലംബിച്ചതെന്ന് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയന്റെ മൊഴി ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ സമര്‍ത്ഥിച്ചു. അതേപോലെ പാമ്പിനെ കൊണ്ട് ഉത്രയുടെ കയ്യില്‍ ബലമായി കടിപ്പിക്കുകയായിരുന്നു.

സൂരജിനെ 2020 മെയ് ഒന്‍പതിന് അഞ്ചല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ചോദ്യം ചെയ്തിരുന്നു. അതിനുശേഷം സൂരജ് തന്റെ ഫോണ്‍ ഉപയോഗിക്കാതെ, സുഹൃത്തായ എല്‍ദോസിന്റെ ഫോണില്‍ നിന്നും ചാവര്‍കാവ് സുരേഷിനെ വിളിച്ച് ആര് ചോദിച്ചാലും പാമ്പിനെ കൊടുത്തതും വിലകൊടുത്തതും പറയരുതെന്ന് പറഞ്ഞു. മന്ദബുദ്ധിയായ ഭാര്യയെ സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ഇങ്ങനെ ചെയ്തതാണ്. സുരേഷ് പുറത്താരോടും ഇത് പറഞ്ഞില്ലെങ്കില്‍ ഇതൊരു സര്‍പ്പകോപമായി തീരും. അല്ലെങ്കില്‍ കൊലക്കേസില്‍ സുരേഷും ജയിലിലാകുമെന്ന് സൂരജ് പറഞ്ഞു. ഇത് തെളിവായി സ്വീകരിക്കാവുന്ന കുറ്റസമ്മത മൊഴിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

സൂരജ് വിളിച്ചയുടനെ ചാവര്‍കാവ് സുരേഷ് തന്റെ സുഹൃത്തായ പ്രേംജിത്തിനെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. ഇരുവരുടെയും കോള്‍ റിക്കാര്‍ഡുകളില്‍ നിന്നും, സുരേഷിന്റെ മകളുടെ മൊഴില്‍ നിന്നും ഇത് വ്യക്തമാകുന്നു. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്ത പ്ലാസ്റ്റിക് ജാറില്‍ നിന്നും പ്രതിയുടെ വിരലടയാളവും മൂര്‍ഖന്‍ പാമ്പിന്റെ ഡി എന്‍ എയും ലഭിച്ചിരുന്നു. ഈ ജാര്‍ താന്‍ സൂരജിന് കൊടുത്തതാണെന്നും അതില്‍ കാണുന്ന സുഷിരങ്ങള്‍ പാമ്പിന് വായു കിട്ടാന്‍ താന്‍ ഇട്ടതാകയാല്‍ അത് തനിക്ക് തിരിച്ചറിയാമെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു. ഇത് തെളിവ് നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം ശക്തമായ തെളിവാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

സംഭവ ദിവസം ഉത്രയുടെ കുഞ്ഞും ആ മുറിയില്‍ ഉണ്ടായിരുന്നുവെന്ന സൂരജിന്റെ വാദം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. കുഞ്ഞ് തങ്ങളുടെ കൂടെയായിരുന്നുവെന്ന് സൂരജിന്റെ മാതാപിതാക്കള്‍ തന്നെ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയിരുന്നു. ഉത്ര ഭിന്നശേഷിക്കാരിയിരുന്നുവെന്ന മാതാപിതാക്കളുടെ മൊഴിക്ക് പുറമെ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും തെളിവാണ്. ഉത്രയുടെ മരണം കഴിഞ്ഞയുടന്‍ ഉത്രയ്ക്ക് കൊടുത്തുകൊണ്ടിരുന്നതെല്ലാം നല്‍കണമെന്നും കുഞ്ഞിനെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞതും മുതലുകള്‍ നഷ്ടപ്പെടുത്താതെ ഉത്രയെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തെ സാധൂകരിക്കുന്നു.

ഉത്രയുടെ മരണം അസ്വാഭാവികവും പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകമാണെന്നും സൂരജാണ് അത് ചെയ്തതെന്നും ഉത്രയുടെ മുതലുകള്‍ നിലനിര്‍ത്തി ഭിന്നശേഷിയെന്ന കാരണം കൊണ്ടാണ് കൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 28 സാഹചര്യങ്ങള്‍ കൊണ്ട് അസന്നിഗ്ദ്ധമായി തെളിഞ്ഞതായി പ്രോസിക്യൂട്ടര്‍ വാദിച്ചു. നിരാലംബയായ ഒരു പെണ്‍കുട്ടിയെ യാതൊരു ദാക്ഷിണ്യമോ, ദയയോ ഇല്ലാതെ രണ്ട് പ്രാവശ്യം പാമ്പിനെ കൊണ്ട് കടിപ്പിക്കുകയും അത് സ്വാഭാവികമാണെന്ന് വരുത്താനുള്ള പ്രതിയുടെ ശ്രമങ്ങള്‍ സമാനതകളില്ലാത്തതും ഒരുതരത്തിലും പൊറുക്കാനാകാത്തതുമായ കുറ്റകൃത്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. 12ന് പ്രതിഭാഗം വാദം ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here