യൂറോ കപ്പിൽ ഇംഗ്ലണ്ട് ഫൈനലിൽ; ഡെന്മാർക്കിനെ തോൽപിച്ചത് 2-1 ന്

യൂറോ കപ്പിൽ ഇംഗ്ലണ്ട് ഫൈനലിൽ. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ ഡെന്മാർക്കിനെ 2-1 ന് തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ഞായറാഴ്ച രാത്രി 12:30 ന് വെംബ്ലിയിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ഇറ്റലിയാണ് എതിരാളി.

ഡെന്മാർക്കിന്റെ സ്വപ്നക്കുതിപ്പിന് വെംബ്ലിയിൽ ഹാരി കെയ്നിന്റെ ഇംഗ്ലീഷ് സംഘത്തിന്റെ വക ഫുൾ സ്റ്റോപ്പ് .ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു ത്രീ ലയൺസിന്റെ വിജയം. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ കാസ്പർ ഷ്മിഷേലിനെ പരാജിതനാക്കി ഹാരി കെയ്നിന്റെ ചരിത്രം കുറിച്ച ആ ഗോളെത്തി.

ഡെൻമാർക്കിന്റെ സ്വപ്നയാത്ര അവസാനിപ്പിച്ച ഇംഗ്ലണ്ടിന് ഇനി സ്വപ്നകിരീടം ഒരു മത്സരം മാത്രമകലെ. മത്സരത്തിന്റെ 30–ാം മിനിറ്റിൽ മിക്കൽ ഡാംസ്ഗാർഡിന്റെ ഉഗ്രൻ ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയത് ഡെന്മാർക്ക് .പൊരുതിക്കളിച്ച ഇംഗ്ലണ്ട്  9 മിനുട്ടിനകം സമനില ഗോൾ കണ്ടെത്തി.

ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയറിന്റെ സെൽഫ് ഗോളാണ് ഇംഗ്ലണ്ടിന് തുണയായത്. തുടർന്ന് വെംബ്ലി കണ്ടത് അലകടലായുളള ഇംഗ്ലണ്ടിന്റെ ആക്രമണങ്ങൾ.ഇംഗ്ലണ്ടിന്റെ പ്രസ്സിങ് അതിജീവിച്ചതിനു ശേഷം ആത്മവിശ്വാസത്തോടെയുള്ള കളി കെട്ടഴിച്ച് ഡെൻമാർക്ക്: എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ സ്റ്റെർലിങ്ങിനെ ഡെൻമാർക്ക് താരം ജോവാക്വിം മെയ്‌ലെ ബോക്സിൽ വീഴ്ത്തിയതിന് ഇംഗ്ലണ്ടിനു പെനൽറ്റി കിക്ക്.  ഷൂട്ടൗട്ടിന്റെ ഭാഗ്യ പരീക്ഷണത്തിന് നിൽക്കാതെ നായകൻ കെയ്നിന്റെ ഗോളെത്തിയതോടെ ആഹ്ലാദക്കടലായി വെംബ്ലി.

1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മേജർ ചാംപ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here