തന്‍റെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുള്ളതായി തൃത്താല പെണ്‍കുട്ടി

തന്റെ സൗഹൃദത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്‍റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് തൃത്താലയില്‍ ലൈംഗികപീഢനത്തിനിരയായ പെണ്‍കുട്ടി. വലിയ സംഘം തന്നെ ഇതിന്റെ പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് സമ്മര്‍ദ്ധം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും പെണ്‍കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.

തൃത്താല കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഢനത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വലിയ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന സംശയത്തിലേക്കാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. തന്റെ സുഹൃത്തളായ രണ്ട് പെണ്‍ക്കുട്ടികള്‍ ലഹരിറാക്കിറ്റില്‍ കുരുങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോയെന്ന് സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ല. നഗ്‌നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. കോളേജിലെത്തിയുള്‍പ്പെടെ ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നു. സമ്മര്‍ദ്ധം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. പിന്നെ പിന്നെ ലഹരി ഉപയോഗം പതിവായി…

കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നത്. തുടര്‍ച്ചയായ ലഹരി ഉപയോഗം മൂലം മാനസിക നില തകരാറിലായിരുന്ന പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചാല്‍ പാതി വഴിയില്‍ നിര്‍ത്തിയ പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കൈയ്യില്‍ മുറിവുണ്ടാക്കിയുള്‍പ്പെടെ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില് നിന്ന് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News