അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും അമിത് ഷായുടെ പേരു വെട്ടി

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയില്‍ നിന്നും സഹകരണ വകുപ്പ് മന്ത്രി കൂടിയായ അമിത് ഷായുടെ പേര് നീക്കി. പുതിയ വകുപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിവാദ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പേര് നീക്കിയത്. നോട്ട് നിരോധന സമയത്ത് 5 ദിവസം കൊണ്ട് 745 കോടി രൂപ ഈ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ അമിത് ഷായ്ക്കും, ബി ജെ പി നേതാക്കള്‍ക്കും ബന്ധമുള്ള ഗുജറാത്തിലെ 11 ബാങ്കുകളിലായി അന്നെത്തിയത് 3118 കോടി രൂപ. ഈ വിവാദങ്ങള്‍ കെട്ടിയടങ്ങാതെ നില്‍ക്കുമ്പോള്‍ തന്നെയുള്ള സഹകരണ വകുപ്പ് രൂപീകരണമാണ് വലിയ സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്.

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ഇന്ന് രാവിലെ വരെയുള്ള രേഖകള്‍ പ്രകാരം അമിത് ഷാ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആയിരുന്നു. എന്നാല്‍ സഹകരണ മന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്നും അമിത് ഷായുടെ പേര് നീക്കം ചെയ്തു. ഏറെ വിവാദപരമായ പശ്ചാത്തലമുള്ള ബാങ്കാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കെന്നതും അമിത് ഷായുടെ പുതിയ സഹകരണ മന്ത്രാലയ ചുമതലക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളെന്ന സംശയം ശക്തമാക്കുന്നു.

നോട്ട് നിരോധന സമയത്ത് ഏറ്റവും കൂടുതല്‍ നിരോധിച്ച നോട്ടുകള്‍ എത്തിയ ബാങ്കാണിത്. 745.59 കോടി നിരോധിച്ച പണമാണ് അമിത് ഷാ ഡയറക്റ്റര്‍ ആയിരുന്ന ബാങ്കിലേക്കെത്തിയത്. അതും വെറും 5 ദിവസം കൊണ്ട്..! ഇതിന് പുറമെ ഗുജറാത്തിലെ ബി ജെ പി നേതാക്കള്‍ ചുമലതലയിലുള്ള മറ്റ് ബാങ്കുകളിലേക്കെത്തിയ പണവും ഏറെ സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു.

അമിത് ഷായും, ബി ജെ പി നേതാക്കളുമായി ബന്ധപ്പെട്ടുള്ള ഗുജറാത്തിലെ 11 ബാങ്കുകളിലായി ഈ കാലയളവില്‍ എത്തിയത് 3118 കോടി രൂപയാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലേക്കെതിയത് 14293.71 കോടി രൂപയും. ഇതൊക്കെ വലിയ വിവാദങ്ങളിലേക്ക് തന്നെയാണ് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സഹകരണ വകുപ്പിന്റെ രൂപീകരണവും അമിത് ഷാ ചുമതലയേല്‍ക്കുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here