സ്റ്റാൻ സ്വാമി വിഷയം; വേണ്ട രീതിയിൽ സഭാ നേതൃത്വം ഇടപ്പെട്ടില്ലെന്ന വിമർശനവുമായി അങ്കമാലി അതിരൂപത

സ്റ്റാൻ സ്വാമി വിഷയത്തിൽ സഭാ നേതൃത്വത്തിന് എറണാകുളം അങ്കമാലി അതിരൂപതയുടെ വിമർശനം. വിഷയത്തിൽ കെ സി ബി സി ഉൾപ്പടെയുള്ള നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് അതിരൂപത മുഖപത്രം. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായി മാറുമ്പോൾ പരസ്യ പ്രതിഷേധങ്ങൾക്ക് പരിമിതിയുണ്ടെങ്കിലും ഭരണ തലത്തിൽ സമ്മർദ്ദ ശക്തിയാകാൻ സഭ ശ്രമിച്ചില്ല.പ്രതികരണങ്ങൾ വെറും പ്രസ്താവനകളിൽ ഒതുങ്ങിയെന്നും അതിരൂപത മുഖപത്രമായ സത്യദീപത്തിൽ വിമർശിക്കുന്നു.

ഭരണകൂട ഭീകരതയുടെ ഇരയായ സ്റ്റാൻ സ്വാമിയുടേത് ജുഡീഷ്യൽ കൊലപാതകമാണെന്നാണ് അതിരൂപത മുഖപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.ആശുപത്രിയിലായിരുന്നു സ്വാമിയുടെ അന്ത്യമെങ്കിലും അതൊരു കസ്റ്റഡി കൊലപാതകമാണെന്നും അതിരൂപത മുഖപത്രം വിമര്‍ശിക്കുന്നു.

ഈ വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്താതിരുന്ന സഭാ നേതൃത്വത്തെയും രൂക്ഷമായ ഭാഷയിലാണ് സത്യദീപത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. ജനാധിപത്യ ഇന്ത്യ എവിടെ എന്ന അടിസ്ഥാന ചോദ്യത്തെ നിശബ്ദമാക്കാന്‍ നമുക്ക് നല്കപ്പെടുന്ന താല്ക്കാലിക മുട്ടുശാന്തികളില്‍ മുട്ടുമടങ്ങുമ്പോള്‍ സ്റ്റാന്‍ സ്വാമിമാര്‍ ജയിലില്‍ മരിക്കും.

കെ.സി.ബി.സി., സി.ബി.സി.ഐ. പോലുള്ള സഭയുടെ ഔദ്യോഗിക പ്രതികരണ സമിതികള്‍ സ്റ്റാന്‍ സ്വാമി വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ല എന്ന ആക്ഷേപമുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പരസ്യ പ്രതിഷേധത്തിന് പരിമിതിയാകുമ്പോഴും ഭരണതലത്തില്‍ സമ്മര്‍ദ്ദശക്തിയാകാനോ അന്തര്‍ദ്ദേശീയ മാധ്യമങ്ങളുടെ അടിയന്തര ശ്രദ്ധയില്‍ ഈ സംഭവത്തെ സജീവമായി നിലനിര്‍ത്താനോ ഉള്ള ശക്തമായ ശ്രമമൊന്നും സഭാതലത്തില്‍ നടന്നില്ല എന്നതാണ് വാസ്തവം. പ്രതികരണങ്ങള്‍ വെറും പ്രസ്താവനകളില്‍ ഒതുങ്ങി.

ആ ദാരുണാന്ത്യത്തിനു ശേഷം സഭാവേദികളില്‍ നിറയുന്ന സ്തുതിയും പുകഴ്ചയും സ്റ്റാന്‍ സ്വാമിക്ക് ഇനി പ്രയോജനകരമെല്ലന്നു മാത്രമല്ല, മനുഷ്യാവകാശ പോരാട്ടങ്ങളിലും ദളിത്-ആദിവാസി സമുദ്ധാരണ ശ്രമങ്ങളിലും ഔദ്യോഗികസഭയുടെ ‘നിലപാടി’നെ അത് തിരിഞ്ഞു കുത്തുന്നുണ്ടെന്നും അതിരൂപത മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വരവരറാവുവിനെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊണ്ട് ഭാരതത്തിലെ ജയിലുകള്‍ നിറയുമ്പോള്‍ സ്വതന്ത്ര ഇന്ത്യയെന്ന വിലാസം തന്നെ ഭാരതത്തിന് നഷ്ടമാവുന്നു. വ്യത്യസ്തതയും വിയോജിപ്പും വിരുദ്ധയുക്തിയാകുന്ന ഫാസിസ്റ്റ് ഭരണനിര്‍മ്മിതിയില്‍ ജനാധിപത്യ ധ്വംസനം സ്വാഭാവികമാണെന്നും സത്യദീപത്തില്‍ വിശദീകരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here