നിങ്ങളുടെ മക്കളും ഈ ഗെയിം കളിക്കാറുണ്ടോ? എങ്കില്‍ രക്ഷിതാക്കള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരളാ പൊലീസ്

കുട്ടികള്‍ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പിന്നീട് അവരുടെ ജീവനെടുക്കുന്ന മരണക്കളികളായി മാറുന്ന സംഭവങ്ങള്‍ക്കാണ് അടുത്തിടെയായി നാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്ന് കേരളാ പൊലീസ്.

ഇത്തരം ഗെയിമുകളോടുള്ള അമിതമായ ആസക്തിയാണ് കുട്ടികളെ അപകടത്തില്‍പ്പെടുത്തുന്നത്. ഇത്തരം ഗെയിം ആപ്പില്‍ രക്ഷാകര്‍ത്താക്കള്‍ക്കായി നിയന്ത്രണങ്ങളൊന്നുമില്ലാത്തതും ഇവയെക്കുറിച്ചു വലിയ ധാരണയില്ലാത്തതും കുട്ടികളെ വേണ്ടരീതിയില്‍ ശ്രദ്ധിക്കാത്തതുമാണ് കുട്ടിക്കളികള്‍ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണം.

രക്ഷാകര്‍ത്താക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഫ്രീ ഫയര്‍ പോലുള്ള ഗെയിം സൗജന്യമായതിനാലും കളിക്കാന്‍ എളുപ്പമായതിനാലും വേഗതയേറിയതിനാലും, ലോ-എന്‍ഡ് സ്മാര്‍ട്ട്ഫോണുകളില്‍ പോലും പൊരുത്തപ്പെടുന്നതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാന്‍ കഴിയുന്നതിനാലും കുട്ടികള്‍ ഇത് ഏറെ ഇഷ്ടപ്പെടുകയും പെട്ടെന്ന് തന്നെ അഡിക്റ്റ് ആകുകയും ചെയ്യുന്നു.

ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാര്‍ക്ക് ചാറ്റുചെയ്യാന്‍ കഴിയുന്നു. പലകോണുകളില്‍ നിന്നും ചാറ്റ് ചെയ്യുന്ന അപരിചിതര്‍ ഒരുപക്ഷെ ലൈംഗിക ചൂഷണക്കാരോ ഡാറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശം ഉള്ളവരോ ആകാം. ഇവര്‍ ഉപയോഗിക്കുന്ന ഭാഷയും വളരെ മോശമായിരിക്കും.

യഥാര്‍ത്ഥ കഥാപാത്രങ്ങളെ പോലെ അപകടപ്പെട്ട് മരിക്കാന്‍ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോള്‍ കുട്ടികളുടെ മനസ്സും അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവര്‍ത്തിക്കുന്നു.

ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാനുള്ള വഴിയൊരുക്കുന്നു. കളിയുടെ ഓരോ ഘട്ടങ്ങള്‍ കഴിയുമ്പോഴും വെര്‍ച്വല്‍ കറന്‍സി വാങ്ങാനും ആയുധങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി ഷോപ്പുചെയ്യാനും മറ്റു ചൂതാട്ട ഗെയിമുകള്‍ കളിക്കാനുള്ള പ്രേരണയും ഫ്രീ ഫയര്‍ കളിക്കാരെ പ്രചോദിപ്പിക്കുന്നു.

തുടര്‍ച്ചയായ പരസ്യങ്ങളിലൂടെയോ അല്ലെങ്കില്‍ കളിക്കാര്‍ക്കുള്ള ദൗത്യങ്ങളായി (Missions) മറച്ചുവച്ചോ , ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്താനുള്ള സമ്മര്‍ദ്ദം ഇത്തരം ഗെയിമുകളില്‍ വളരെ കൂടുതലാണ്. ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവല്‍ക്കരിക്കുകയും, സ്ത്രീ കഥാപാത്രങ്ങള്‍ വിവസ്ത്രരായും കാണപ്പെടുന്നു. അത്യന്തം ഏകാഗ്രത ആവശ്യമുള്ള ഏതൊരു സ്‌ക്രീന്‍ വര്‍ക്കിനെയും പോലെ ആയതിനാല്‍ ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുന്നു.

2021 ലെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം നാലിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരന്തരം നിരീക്ഷിക്കുകയും സമയക്രമം നിയന്ത്രിക്കുകയും അവരെ മറ്റു പലകാര്യങ്ങളില്‍ വ്യാപൃതരാക്കുകയും ചെയ്യുക.

കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനും അതിലൂടെ ശാരീരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുക. മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ മനസിലാക്കുകയും ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News