‘നമ്മെ ഭരിക്കുന്നത് ചെകുത്താന്മാര്‍; അവര്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി’: അരുന്ധതി റോയ്

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. ഫാ. സ്റ്റാന്‍ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അരുന്ധതി റോയ് പറഞ്ഞത്.

ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.’ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി. എന്നാല്‍ അത് നമ്മള്‍ ജനാധിപത്യമെന്ന് വിളിക്കുന്ന എല്ലാത്തിനെയും അത്ര പതുക്കെയല്ലാതെ തന്നെ കൊലപ്പെടുത്തുന്നതിന്റെ തെളിവാണ്. നമ്മളെ ഭരിക്കുന്നത് ചെകുത്താന്മാരാണ്. അവര്‍ ഈ മണ്ണിന് മേല്‍ ശാപം വിതച്ചിരിക്കുകയാണ്,’ അരുന്ധതി റോയ് പറഞ്ഞു. സ്റ്റാന്‍ സ്വാമി മരിച്ചത് ഭീമ കൊറേഗാവ് കേസില്‍ 16 കുറ്റാരോപിതരില്‍ ഒരാളായിട്ടാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ ജുഡീഷ്യറിക്കും, പൊലീസിനും ഇന്റലിജന്‍സ് സര്‍വീസിനും ഈ ജയില്‍ വ്യവസ്ഥയ്ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കുമൊക്കെ പങ്കുണ്ടെന്നും അരുന്ധതി റോയ് ആരോപിച്ചു.

ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായ റോണ വില്‍സന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും കണ്ടെടുത്തുവെന്ന് എന്‍.ഐ.എ. പറയുന്ന തെളിവുകള്‍ മാല്‍വെയര്‍ ഉപയോഗിച്ച് കൃത്രിമമായി കയറ്റിയതാണെന്ന് ഫോറന്‍സിക് അനാലിസില്‍ തെളിഞ്ഞിരുന്നു. ഇത് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുവെന്നും അരുന്ധതി റോയ് പറഞ്ഞു.

യു എ പി എ എന്ന നിയമം ദുരുപയോഗം ചെയ്യുകയല്ല ഇവിടെ ചെയ്യുന്നത്, സത്യത്തില്‍ ഈ നിയമം ഉണ്ടാക്കിയതേ സര്‍ക്കാരിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേര് പറഞ്ഞ് രാജ്യത്തെ മികച്ച അഭിഭാഷകരെയും ബുദ്ധി ജീവികളെയും ആക്ടിവിസ്റ്റുകളെയും, ഒന്നുകില്‍ അവരെ വര്‍ഷങ്ങളോളമോ, അല്ലെങ്കില്‍ അസുഖം വന്ന് മരിക്കുന്നത് വരെയോ ജയിലില്‍ ഇടാന്‍ വേണ്ടിയാണെന്നും അരുന്ധതി റോയ് പറഞ്ഞു. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതര്‍ കഴിഞ്ഞ ദിവസം നിരാഹാര സമരം ഇരുന്നിരുന്നു.

എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ്, സുധീര്‍ ധവാലെ, മഹേഷ് റാവത്ത്, അരുണ്‍ ഫരേറിയ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ആനന്ദ് തെല്‍തുദെ, രമേശ് ഗായിചോര്‍, സാഗര്‍ ഗോര്‍ഖെ, ഗൗതം നവ്‌ലാഖ എന്നിവരാണ് തലോജ ജയിലില്‍ ബുധനാഴ്ച നിരാഹാരമിരുന്നത്.

ജൂലൈ അഞ്ചിനാണ് സ്റ്റാന്‍ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വച്ച് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയായിരുന്നു അന്ത്യം. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News