റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനിമുതൽ വിരല്‍ത്തുമ്പില്‍

റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്പോര്‍ട്ടല്‍ സജ്ജമായി. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ മന്ത്രി ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.

റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിര്‍മാണ പുരോഗതിയും ഇനിമുതല്‍ rera.kerala.gov.in എന്ന വെബ്പോര്‍ട്ടല്‍ വഴി അറിയാനാകും. ഫ്ലാറ്റുകളും വില്ലകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അഡ്വാന്‍സ് നല്‍കിയവര്‍ക്കും വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ഇത്. റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോര്‍ട്ടലില്‍ ലഭ്യമാകും.

ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിര്‍മാണ പുരോഗതി ഡെവലപ്പര്‍മാര്‍ ഇതില്‍ ലഭ്യമാക്കണം. ആരെങ്കിലും വീഴ്ച വരുത്തിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ അവരുടെ പേരുവിവരങ്ങളും മറ്റും പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ഡെവലപ്പര്‍മാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനചരിത്രം, അവര്‍ക്കെതിരെ എന്തെങ്കിലും കേസുകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം ലഭ്യമായതിനാല്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനും ചതിക്കുഴിയില്‍ വീഴാതിരിക്കാനും കഴിയും.

പദ്ധതിയുടെ പുരോഗതി നിശ്ചിത സമയത്ത് ലഭ്യമാക്കുന്നതിനാല്‍ വായ്പ അനുവദിക്കുന്ന ബാങ്കുകള്‍ക്ക് പദ്ധതി സന്ദര്‍ശിക്കാതെ തന്നെ തുക നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുമാകുമെന്ന് റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വിശദാംശങ്ങള്‍ ഇടപാടുകാരിലേക്ക് എത്തിക്കാനും സംശയങ്ങള്‍ പരിഹരിക്കാനും ഡെവലപ്പര്‍മാര്‍ക്കും എളുപ്പത്തില്‍ സാധ്യകും.

ഏതെങ്കിലും ഡെവലപ്പര്‍ തെറ്റായ വിവരം നല്‍കിയതായി ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും. പദ്ധതികള്‍ സംബന്ധിച്ച പരാതികളും മറ്റും ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സൗകര്യം രണ്ടുമാസത്തിനുള്ളില്‍ പോര്‍ട്ടലില്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News