പാലത്തായി പീഡനക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജൻ സമർപ്പിച്ച ഹർജി പിൻവലിച്ചു

പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബി ജെ പി നേതാവായ പ്രതി പത്മരാജൻ പിൻവലിച്ചു. പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടന്നും കേസിൽ തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായും, പൊലീസ് കോടതിയെ അറിയച്ചതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്.

കേസന്വേഷണം തൃപ്തികരമല്ലന്നും രാഷ്ട്രീയ വിരോധം മൂലമാണ് തന്നെ പ്രതിചേർത്തതെന്നും ആരോപിച്ചാണ് കുനിയിൽ പത്മരാജൻ ഹർജി സമർപ്പിച്ചത്. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പത്മരാജൻ്റെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയെന്നും നടപടിയുണ്ടായില്ലെന്നുമായിരുന്നു ഹർജിയിൽ ബോധിപ്പിച്ചിരുന്നത്.

അതേസമയം പാലത്തായി പീഡന കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ബിജെപി നേതാവ് പത്മരാജൻ കുട്ടിയെ പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. പോക്സോ വകുപ്പുകൾ അടങ്ങിയ കുറ്റപത്രമാണ് തലശേരി പ്രത്യേക കോടതിയിൽ സമർപ്പിച്ചത്.

പ്രതി പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയതെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഡി.വൈ.എസ്.പി രത്നകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവ്. ഇതിന്‍റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നു.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജനെ കാണാതായിരുന്നു. പിന്നീട് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നും പത്മരാജനെതിരെ പോക്സോ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News